ഡീസല്‍ വാഹന നിയന്ത്രണം: ഹരിതകോടതി വിധിക്ക് സ്റ്റേ; വിധി മതിയായ പഠനം നടത്താതെയെന്ന് ഹൈക്കോടതി

കൊച്ചി: 2000 സിസിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. ഹരിത ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്ത് വാഹന ഡീലറായ നിപ്പോണ്‍ മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ബാബു മൂപ്പന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ ഇടക്കാല ഉത്തരവ്.
മതിയായ പഠനം നടത്താതെയാണ് ഹരിത ട്രൈബ്യൂണലിന്റെ പ്രഥമവിധിയെന്നു കോടതി നിരീക്ഷിച്ചു. ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ലോയേഴ്‌സ് എന്‍വയേണ്‍മെന്റ് അവയര്‍നസ് ഫോറം (ലീഫ്) നല്‍കിയ ഹരജിയില്‍ ഇക്കഴിഞ്ഞ 23നാണ് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത്.
ലൈറ്റ്, ഹെവി വ്യത്യാസമില്ലാതെ 10 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളെയും സംസ്ഥാനത്തെ ആറു പ്രധാന നഗരങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവിലെ പ്രധാന ഭാഗം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണു നിരോധനമേര്‍പ്പെടുത്തിയത്.
ഇത്തരം വാഹനങ്ങളെ ഒരുമാസത്തിനു ശേഷം നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നാണു നിര്‍ദേശം. എന്നാല്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കരുതെന്ന നിര്‍ദേശത്തില്‍ ഹൈക്കോടതി ഇന്നലെ ഇടപെട്ടില്ല.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവായതിനാല്‍ ഇതിനെതിരായ ഹരജി ഹൈക്കോടതികളില്‍ നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രിംകോടതിയുടെയും മദ്രാസ് ഉള്‍പ്പെടെയുള്ള ഹൈക്കോടതികളുടെയും വിധികള്‍ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരിത ട്രൈബ്യൂണല്‍ ആക്റ്റ് പ്രകാരം അപ്പീലില്‍ അധികാരം സുപ്രിംകോടതിക്കാണെങ്കിലും ഭരണഘടനാ കോടതികളുടെ അധികാരം തടയരുതെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതെന്ന് ഹൈക്കോടതി വെളിപ്പെടുത്തി. ഹരജിക്കാര്‍ ഉദ്ദേശിക്കാത്ത ഉത്തരവാണ് ട്രൈബ്യൂണലിന്റേത്. പുക പരിശോധന മറികടക്കാനുള്ള സംവിധാനമൊരുക്കിയ ഫോക്‌സ് വാഗണിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നം പഠിച്ചശേഷം ഉത്തരവിടണമെന്നുമാണ് ട്രൈബ്യൂണലിനെ സമീപിച്ചവരുടെ ആവശ്യം.
എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുണ്ടായില്ല. വാഹനങ്ങളുടെ പുകമൂലം കേരളം മലിനീകരിക്കപ്പെടുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും മതിയായ പഠനം നടത്താതെ ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ടൊയോട്ടയുടെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റലിന്റെ 1363 ഡീസല്‍ വാഹനങ്ങള്‍ തങ്ങളുടെ സ്ഥാപനം മുഖേന ബുക്ക് ചെയ്തിരുന്നു. 465 എണ്ണം വിതരണത്തിനും തയ്യാറായതാണ്. എന്നാല്‍, ട്രൈബ്യൂണല്‍ ഉത്തരവോടെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനാവാത്ത അവസ്ഥയുണ്ടായി. മോട്ടോര്‍ ബില്‍ഡിങ് ബിസിനസ് പോളിസിയുടെ അടിസ്ഥാനത്തിലാണ് ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണവും വില്‍പനയും നടന്നുവരുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ച ശേഷമാണ് ഇവ വില്‍പനയ്ക്ക് ഒരുക്കുന്നത്. ഇവയൊന്നും പരിഗണിക്കാതെയാണ് ട്രൈബ്യൂണല്‍ വിധിയെന്നും ഉത്തരവ് റദ്ദാക്കണമെന്നും അപ്പീല്‍ ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it