ഡീസല്‍ വാഹന നിയന്ത്രണം: ഹരിത ട്രൈബ്യൂണല്‍ വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; ഉത്തരവിന് സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ ആറു പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുടമ അസോസിയേഷന്‍, വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍സ് മാനുഫാക്‌ചേഴ്‌സ്, വാഹന ഡീലര്‍മാരായ നിപ്പോണ്‍, മോട്ടോര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ നല്‍കിയ ഹരജികളിലാണു നടപടി. 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്നും 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിരത്തിലിറക്കരുതെന്നും നിര്‍ദേശിച്ച് മെയ് 23നു ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ 2000 സിസിയില്‍ അധികമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും താല്‍ക്കാലികമായി നീക്കിയത്. പുകമലിനീകരണം സംബന്ധിച്ച പഠനറിപോര്‍ട്ടുകളില്ലാതെ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ വ്യക്തമാക്കി. ട്രൈബ്യൂണല്‍ ഉത്തരവിന് ഇടയാക്കിയ ഹരജിക്കാരായ ലോയേഴ്‌സ് എന്‍വയേണ്‍മെന്റ് അവയര്‍നസ് ഫോറത്തിന്റെ (ലീഫ്) പരാതിയില്‍ ഇത്തരമൊരു ആവശ്യമില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വാഹനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണാധികാരമുണ്ട്. ഇതുപ്രകാരം 15 വര്‍ഷം പഴക്കമുള്ള സ്റ്റേജ് കാര്യേജ് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിരുന്നുവെന്നും രണ്ടുവര്‍ഷം സമയം അനുവദിച്ച ശേഷമാണ് ഉത്തരവ് നടപ്പാക്കിയതെന്നുമാണ് ഹരജിക്കാരുടെ വാദം. ഈ സാഹചര്യത്തില്‍ മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകളെ തള്ളുന്നതാണ് ട്രൈബ്യൂണല്‍ ഉത്തരവെന്നു വിലയിരുത്തേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ട്രൈബ്യൂണല്‍ ഉത്തരവുകള്‍ക്കെതിരേയുള്ള ഹരജികള്‍ സുപ്രിംകോടതിയില്‍ മാത്രമേ ചോദ്യംചെയ്യാന്‍ കഴിയൂവെന്ന ലീഫിന്റെ വാദം തള്ളിയാണ് ഇത്തരം കേസുകള്‍ ഹൈക്കോടതിയില്‍ തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. ട്രൈബ്യൂണല്‍ ഉത്തരവ് ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നുവെങ്കില്‍ ഇടപെടാന്‍ ഹൈക്കോടതി അധികാരം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇതു പൊതുജനത്തിനുള്ള സുരക്ഷാകവചമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണ കാര്യത്തില്‍ ഏറെ മെച്ചപ്പെട്ട സ്ഥാനങ്ങളിലാണ് കേരളത്തിലെ നഗരങ്ങള്‍. ട്രൈബ്യൂണല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം കേസ് അന്തിമവാദം നടത്തുന്നതിനായി മാറ്റി.
Next Story

RELATED STORIES

Share it