ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കൊച്ചി: സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളുടെ പരിധിയില്‍ 10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് നിരോധനം. ഇത്തരം വാഹനങ്ങള്‍ ഒരുമാസത്തിനകം മാറ്റാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സര്‍ക്യൂട്ട് ബെഞ്ച് ഉത്തരവിട്ടു.
ഒരുമാസത്തിനുശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കണമെന്നും ഓടുന്ന ഒരോ ദിവസത്തിനും 5,000 രൂപ പിഴ ഈടാക്കണമെന്നും ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്‌സ് എന്‍വയണ്‍മെന്റ് അവയര്‍നസ് ഫോറം (ലീഫ്) സമര്‍പ്പിച്ച ഹരജിയിലാണു നടപടി.
കൊച്ചിയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സര്‍ക്യൂട്ട് ബെഞ്ച് തുടങ്ങിയ ദിവസം പ്രഥമ സിറ്റിങില്‍ തന്നെയാണ് സുപ്രധാനമായ ഉത്തരവ് എന്നതാണു ശ്രദ്ധേയം. 10 വര്‍ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍, പൊതുവാഹനങ്ങള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും ഇതു ബാധകമല്ല. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ നഗരങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരേ ഈടാക്കുന്ന പിഴ അതത് നഗരങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കണം. ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കണം. സംസ്ഥാനത്ത് സമ്മര്‍ദ്ദിത പ്രകൃതിവാതകം (സിഎന്‍ജി) ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നതു സംബന്ധിച്ചുള്ള സാധ്യതകള്‍ അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കടുത്ത പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ പഴക്കംചെന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

[related]
Next Story

RELATED STORIES

Share it