Alappuzha local

ഡീസല്‍ വാഹനങ്ങളുടെ നിരോധനം: വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കണം- കാഡ്‌ഫെഡ്

ആലപ്പുഴ: പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ ആറ് നഗരങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രികോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് കാര്‍ അക്‌സസറീസ് ഡീലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (കാഡ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വാഹനവ്യാപാരമേഖലയെയും അനുബന്ധസ്ഥാപനങ്ങളെയും സാരമായി ബാധിക്കുന്ന വിധിക്കെതിരേ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കണം. 15 വര്‍ഷത്തെ റോഡ് ടാക്‌സ് വാങ്ങിയിട്ട് വാഹനം 10 വര്‍ഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നതില്‍ ന്യായമില്ല. 2000 സിസിയില്‍ മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതുമൂലം വഹനവിപണിയെയും കാര്‍ അക്‌സസറീസ് മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും ഉത്തരവിലുള്ള ആശങ്ക നീങ്ങാത്തതിനാല്‍ നഗരപ്രദേശങ്ങളില്‍ വാഹനം ബുക്ക് ചെയ്തവര്‍ എടുക്കാന്‍ തയാറാവുന്നില്ല.
വാഹനപ്പുക കൊണ്ടുള്ള മലിനീകരണം സംബന്ധിച്ച് യാതൊരുവിധ പഠനവും നടത്താതെയുള്ള ട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ ഉടനടി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് അബ്ദുല്‍ കരിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഷാഫി, ഖജാഞ്ചി സുധീര്‍ ദേവരാജ്, വൈസ് പ്രസിഡന്റ് സിദ്ദീഖ് പൂവത്ത്, ജോയിന്റ് സെക്രട്ടറി ബിജിഷ് ജോണ്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍, എറണാകുളം ജില്ലാ സെക്രട്ടറി തോമസ് ജോര്‍ജ്, കൊല്ലം ജില്ലാ പ്രസിഡന്റ് ശ്യാംകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ നാജി, പ്രഭാകര്‍ റെഢി പ്രഭു, ഗോപീകൃഷ്ണന്‍, നാസിം നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it