ഡീസല്‍വാഹനങ്ങളുടെ നിരോധനം; ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ കേരളം:   സുപ്രിംകോടതിയെ സമീപിച്ചേക്കും 

തിരുവനന്തപുരം: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കേരളം സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിയമപരമായി നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ട്രൈബ്യൂണല്‍ വിധി നടപ്പാക്കുക അസാധ്യമാണെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ അറിയിച്ചു. വിധി നടപ്പാക്കേണ്ടിവന്നാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഒട്ടുമിക്കതും നിരത്തിലിറക്കാന്‍ കഴിയാതാകുമെന്നും പൊതുഗതാഗത സംവിധാനം, ചരക്കുഗതാഗതം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. എന്നാല്‍, ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് ഭാവികാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2,000 സിസിക്ക് മുകളിലുള്ള പഴയ ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്നതാണ് ഗ്രീന്‍ െ്രെടബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവ്. ഒരു മാസത്തിനു ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ പിടിച്ചെടുക്കണം. കൂടാതെ നിയമംലഘിച്ച് ഓടുന്ന ഓരോ ദിവസത്തിനും 10,000 രൂപ പിഴ ഈടാക്കാനും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ടൈബ്യൂണല്‍ ബെഞ്ച് വിധിച്ചിരുന്നു.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി, ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ലോയേഴ്‌സ് എന്‍വയേണ്‍മെന്റ് അവെയര്‍നസ് ഫോറം എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഡല്‍ഹിയിലേതുപോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹരജിയില്‍ പറയുന്നു. ഗ്രീന്‍ ടൈബ്ര്യൂണലിന്റെ പ്രത്യേക സര്‍ക്യൂട്ട് ബെഞ്ച് ഹൈക്കോടതിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ഈ പ്രത്യേക ബെഞ്ചിനു കീഴിലായിരിക്കും വരുക. 14ഓളം കേസുകളാണ് കോടതിയുടെ ആദ്യ സിറ്റിങില്‍ പരിഗണനയ്ക്കു വന്നത്.
Next Story

RELATED STORIES

Share it