Alappuzha local

ഡി ബ്ലോക്ക് പുത്തനാറായിരം പാടശേഖരത്തില്‍ മടവീണു; ലക്ഷങ്ങളുടെ നഷ്ടം

കുട്ടനാട്: കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി ബണ്ട് ബലപ്പെടുത്തിയ കായലിന്റെ പുറംബണ്ട് തകര്‍ന്ന് മടവീണു ലക്ഷങ്ങളുടെ നാശനഷ്ടം. കൃഷിയിറക്കാന്‍ തയ്യാറെടുപ്പു നടത്തി വന്നിരുന്ന ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍ പാടശേഖരത്തിലാണ് മടവീണത്. ഇതുമൂലം അറുനൂറോളം ഏക്കറിലെ കൃഷി അവതാളത്തിലായി.
ഇവിടെ കൃഷി തുടങ്ങുന്നതിനായി ഒരേക്കറിന് രണ്ടായിരം രൂപയോളം ചെലവാക്കിയാണ് കര്‍ഷകര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നതെന്ന് കണക്കാക്കുന്നു. ഇനി മട കുത്തി കൃഷിയിറക്കണമെങ്കില്‍ പത്തുലക്ഷത്തോളം രൂപ ചെലവുവരുമെന്ന് കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെയോടെ കായലിന്റെ പടിഞ്ഞാറ് ഭാഗത്തെ പുറംബണ്ട് തകര്‍ന്നാണ് മടവീണത്.
ബണ്ട് ബലപ്പെടുത്തുന്നതില്‍ കരാരുകാരന്‍ കാണിച്ച വീഴ്ചയാണ് കായലിന്റെ പുറംബണ്ട് തകരാനിടയാക്കിയതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കായലിലെ വെള്ളം വറ്റിച്ച് കൃഷിപ്പണികള്‍ ഏകദേശം പൂര്‍ത്തിയായി വരുന്ന സമയത്തുള്ള മടവീഴ്ച കര്‍ഷകരെ ആശങ്കയിലാക്കി. കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി എം എസ് സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച പ്രകാരം പാക്കേജിലുള്‍പ്പെടുത്തി ഇരുകായലുകളേയും കല്ലുകെട്ടി വേര്‍തിരിച്ച് കൊച്ചാറ് അടുത്തിടെ തുറന്നിരുന്നു.
പാക്കേജിലെ നിര്‍ദ്ദേശ പ്രകാരം കായല്‍ ബണ്ടിന്റെ പുറം ഭാഗം പൈല്‍ ആന്‍ഡ് സഌബും ഉള്‍ഭാഗം കരിങ്കല്ല് കെട്ടിയും ബലപ്പെടുത്തണമായിരുന്നു. എന്നാല്‍ അമിതലാഭം കൊയ്യാനായി ഇരുവശവും ബലപ്പെടുത്തുന്നതിനു പകരം ബണ്ടില്‍ നിലവിലുണ്ടായിരുന്ന കരിങ്കല്ല് കെട്ടിന് അല്‍പ്പം ഉയരം കൂട്ടുക മാത്രമായിരുന്നുവെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇത് കായലിന്റെ ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
ശക്തമായ വെള്ളപ്പാച്ചിലില്‍ 50 മീറ്ററോളം നീളത്തില്‍ പുറംബണ്ട് ഒലിച്ചുപോയി. മടവീണ ഡി ബ്ലോക്ക് പുത്തനാറായിരം , സി ബ്ലോക്ക് പുത്തനാറായിരം എന്നീ കായലുകളെ മുമ്പ് കൊച്ചാറ് എന്ന ചെറിയ തോട് മുഖാന്തിരം വേര്‍തിരിച്ചിരുന്നു. എന്നാല്‍ അതിന്റെ തെക്കേയറ്റവും വടക്കേയറ്റവും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. കായല്‍ വറ്റുന്നതിനൊപ്പം ചെറുതോടും വറ്റുന്നതിനാല്‍ രണ്ടു കായല്‍ പാടശേഖരങ്ങളിലും ഒരുപോലെയായിരുന്നു കൃഷി ചെയ്തിരുന്നത്.
Next Story

RELATED STORIES

Share it