ഡിസിസി പുനസ്സംഘടന: പരസ്യ അഭിപ്രായ പ്രകടനത്തിന് കെപിസിസിയുടെ വിലക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസ്സംഘടന സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനത്തിനെതിരേ കെപിസിസി നേതൃത്വം. കൂട്ടായെടുത്ത തീരുമാനത്തില്‍ പരസ്യമായി അഭിപ്രായം പറയേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ഡിസിസി ഭാരവാഹി പട്ടികയ്‌ക്കെതിരെ നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായപ്രകടനം നടത്തുന്നതാണ് പരസ്യപ്രതികരണം വിലക്കുവാന്‍ കാരണം.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ആലോചിച്ചാണ് പുനസ്സംഘടന സംബന്ധിച്ച് തീരുമാനമെടുത്തത്. മലപ്പുറം, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ നിന്നും ജംബോ പട്ടികയാണ് ലഭിച്ചത്. ഇതുകൂടാതെ എ, ഐ ഗ്രൂപ്പുകള്‍ വെവ്വേറെ പട്ടികകളും നല്‍കി. പട്ടികയില്‍ കെപിസിസി നേതൃത്വത്തിന്റെ കൈകടത്തലുകളും ഉണ്ടായി.
പുനസ്സംഘടനയ്ക്കായി നിയോഗിച്ച കമ്മിറ്റി ഓരോ ജില്ലകളിലേയും പട്ടികകള്‍ പരിശോധിച്ചിരുന്നു. ഇതിനുപുറമെ ജില്ലയിലെ പ്രമുഖ നേതാക്കളുമായി കൂടിയാലോചനയും നടത്തി. ഒന്നില്‍ക്കൂടുതല്‍ ജില്ലകളിലെ ഭാരവാഹികള്‍ക്ക് വേണ്ടി ശുപാര്‍ശ നല്‍കിയവരാണ് ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നതെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അഭിപ്രായവ്യത്യാസം ഒഴിവാക്കുന്നതിനാണ് എല്ലാവര്‍ക്കും സ്വീകാര്യമായ പട്ടിക തയ്യാറാക്കിയതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലവിലെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നതിനാല്‍ പുനസ്സംഘടന സംബന്ധിച്ച പരസ്യപ്രതികരണങ്ങള്‍ വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്.
Next Story

RELATED STORIES

Share it