ഡിസിസി പുനസ്സംഘടന: തീരുമാനമില്ല- ഹസന്‍

കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാനോ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനോ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. അതില്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റാന്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം ചര്‍ച്ചയ്ക്കുപോലും വന്നിട്ടില്ല. ബ്ലോക്ക്, മണ്ഡലം പുനസ്സംഘടന തടസ്സപ്പെട്ട സ്ഥലങ്ങളില്‍ അവ പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശം പല നേതാക്കളും പങ്കുവച്ചു. അതല്ലാതെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടുതന്നെ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. ഈ മാസം 30ന് ചേരുന്ന കെപിസിസി യോഗത്തിനുശേഷം മാത്രമേ പുനസ്സംഘടന സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നും ഹസന്‍ പറഞ്ഞു. ഇതുസംബന്ധിച്ചു വന്ന വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണ്. പ്രതീക്ഷിച്ച വിജയം ലഭിച്ചിെല്ലന്ന് മാത്രമേയുള്ളൂ. അല്ലാതെ യുഡിഎഫിന് ദയനീയമായ തോല്‍വി സംഭവിച്ചിട്ടില്ല. ചില ജില്ലകളില്‍ യുഡിഎഫ് പിന്നില്‍ പോയിട്ടുണ്ട്. അവ പരിശോധിച്ച് തിരുത്തുമെന്നും ഹസന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര സംഘപരിവാര സംഘടനകളുടെ അജണ്ടയാണ്. അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി ഹസന്‍ പറഞ്ഞു. സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീനാരായണപ്രസ്ഥാനങ്ങളെ വെള്ളാപ്പള്ളി നടേശന്‍ സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it