ഡിസംബര്‍ അഞ്ചിന്പുതിയ പാര്‍ട്ടി നിലവില്‍ വരും: വെള്ളാപ്പള്ളി

കാസര്‍കോട്: സമത്വമുന്നേറ്റ യാത്രയുടെ സമാപനദിവസമായ ഡിസംബര്‍ അഞ്ചിന് പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാവുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതക്കാര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കും. പാര്‍ട്ടിയുടെ പേര്, ഭരണഘടന എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രസിഡന്റോ സെക്രട്ടറിയോ താനായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി എസ്എന്‍ഡിപി യോഗത്തിന് യാതൊരു സഖ്യവുമുണ്ടായിട്ടില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാവരെയും ഒരുമിപ്പിക്കാനാണ് സമത്വകേരള യാത്ര നടത്തുന്നത്. കാലാകാലങ്ങളായി കേരളത്തില്‍ ഭരിച്ചവര്‍ ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയായിരുന്നു. ന്യൂനപക്ഷത്തിനു മാത്രമല്ല ഭൂരിപക്ഷത്തിനും സംവരണം നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. എസ്എന്‍ഡിപി സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇതെല്ലാം അവരവരുടെ സംഘടനകളുടെ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ എല്ലാവരും തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും മാനേജ്‌മെന്റ് നിയമനം നടത്തുകയും ചെയ്യുന്ന രീതി തെറ്റാണ്. ഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ ചാട്ടവാര്‍ കൊണ്ട് തന്നെ അടിക്കുമെന്നു പറഞ്ഞ കോടിയേരിക്ക് ഗുരുദേവനെക്കുറിച്ച് ഒന്നുമറിയില്ല. ഒരു ഉറുമ്പിനെ പോലും കൊല്ലരുതെന്നാണ് ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത്. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. തനിക്കെതിരേ ഒന്നും പറയാനില്ലാഞ്ഞിട്ടാണ് ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കു പങ്കുണ്ടെന്ന പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം തങ്ങളെ സമൂഹത്തില്‍ ഇമ്മിണി വല്യ ഒന്നാക്കി മാറ്റിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it