ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ 13ാം സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ തുടക്കം. സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എ പതാകയുയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. പൂങ്ങോട്ടുകുളത്തെ ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലെ രോഹിത് വെമുല നഗറിലാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചുറ്റുപാടുമുള്ള മനുഷ്യരുടെ ഉള്ള് തിരിച്ചറിയുന്നതാകണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ്പ്രസിഡന്റ് പി പി ദിവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
അതേസമയം, കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായെങ്കിലും യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് ഡിവൈഎഫ്‌ഐക്ക് സാധിച്ചില്ലെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. യുവതികളെ സംഘടനയില്‍ സജീവമാക്കാനും നേതൃനിരയിലേക്ക് വനിതകളെ നിശ്ചയിക്കാനും കഴിഞ്ഞ സമ്മേളനം തീരുമാനിച്ചിരുന്നു. വരും കാലയളവില്‍ യുവതികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് നടപടി വേണമെന്ന് സമ്മേളന റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ 49,51,604 അംഗങ്ങളാണുള്ളത്. കഴിഞ്ഞ സമ്മേളന കാലത്ത് 48,64,950 ആയിരുന്നു. 86,654 അംഗങ്ങളാണ് വര്‍ധിച്ചത്. പുതിയ അംഗങ്ങളില്‍ 21,13,324 പേര്‍ യുവതികളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
യുവജന വഞ്ചകരായ യുഡിഎഫ് സര്‍ക്കാരിനെ പുറം തള്ളണമെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. നിയമന നിരോധന ഉത്തരവ് കൊണ്ടുവന്ന സര്‍ക്കാരാണ് യുഡിഎഫിന്റേത്. അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും സര്‍ക്കാരിനെ പുറത്താക്കാന്‍ രംഗത്തിറങ്ങണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it