ഡിവൈഎഫ്‌ഐ നേതൃനിരയില്‍ അഴിച്ചുപണിക്ക് സാധ്യത

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃനിരയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി തിരൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചാണ് ഭാരവാഹികളില്‍ കാര്യമായ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ ഒരുങ്ങുന്നത്.
നിലവിലുള്ള പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എയും സെക്രട്ടറി എം സ്വരാജും സ്ഥാനമൊഴിയുമെന്ന് തീര്‍ച്ചയായി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ പ്രസിഡന്റാവും. നിലവിലുള്ള ഖജാഞ്ചി പി ബിജു സെക്രട്ടറി സ്ഥാനത്തേക്ക് എത്തും.
ജില്ലാ സമ്മേളനങ്ങളില്‍ നിലവിലുള്ള സെക്രട്ടറി എം സ്വരാജിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘടനാ മര്യാദകളും തത്വങ്ങളും സ്വരാജ് ലംഘിക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. ഒരവസരത്തിനു കൂടി സ്വരാജിന് അര്‍ഹതയുണ്ടെങ്കിലും എതിര്‍പ്പ് കൂടുതലായതിനാല്‍ അത് നല്‍കാന്‍ ഇടയില്ല.
രാജേഷ് പ്രായക്കൂടുതല്‍ കൊണ്ടാണ് വിരമിക്കുന്നത്. നിലവിലുള്ള സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ വി സുമേഷ്, റോഷന്‍ റോയ് മാത്യു, ജോയിന്റ് സെക്രട്ടറി ജി മുരളീധരന്‍, ഖജാഞ്ചി സുനില്‍കുമാര്‍ എന്നിവരും സ്ഥാനമൊഴിയും. സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനെ തുടര്‍ന്നും റോഷന്‍ റോയ് മാത്യു സിപിഎം ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നും മുരളീധരന്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രായപരിധി കഴിഞ്ഞതിനാലുമാണ് സ്ഥാനത്തു നിന്ന് മാറുന്നത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ ഷാജു സംസ്ഥാന ഖജാഞ്ചിയായേക്കും.
സംഘടനയ്ക്ക് പുതിയ ഗതിവേഗം പകരുന്നതിന് നിലവിലുള്ള ഭാരവാഹികള്‍ മാറണമെന്നാണ് എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഉയര്‍ന്നു വന്ന അഭിപ്രായം. മാതൃ സംഘടനയ്ക്കും ഇതേ അഭിപ്രായമുള്ളതായി സൂചനയുണ്ട്. കണ്ണൂരില്‍ നിന്നുള്ള ഷംസീര്‍ യുവജന സംഘടനയുടെ തീപ്പൊരി നേതാക്കളിലൊരാളാണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നതോടെ സംഘടനയ്ക്ക് പുതിയ മുഖവും ഊര്‍ജവും കൈവരുമെന്നാണ് ഡിവൈഎഫ്‌ഐയുടെ കണക്കുകൂട്ടല്‍. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ അവസാന ദിവസത്തിലാണുണ്ടാവുക. ഇതുസംബന്ധിച്ച അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it