palakkad local

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: നേതൃത്വത്തിനെതിരേ വിമര്‍ശനം

സുനുചന്ദ്രന്‍ ആലത്തൂര്‍

വടക്കഞ്ചേരി: കഴിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി വടക്കഞ്ചേരിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ചേരിതിരിഞ്ഞോ വിഭാഗീയതയുടെ ഭാഗമായോ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകിതിരുന്നപ്പോള്‍ നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നത് നേതാക്കളെ അമ്പരപ്പിച്ചു.
ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പ്രതിനിധികളിലേറെയും ചൂണ്ടിക്കാട്ടിയത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും ജില്ലാ നേതാക്കള്‍ പിന്തുടരുന്ന അലംഭാവവും നിഷ്‌ക്രിയത്വവുമാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. നേതാക്കളുടെ സുഖലോലുപ, ആര്‍ഭാട പ്രവര്‍ത്തന രീതികള്‍ക്കെതിരേയും കടുത്ത വിമര്‍ശനമുയര്‍ന്നു. ജില്ലാ നേതാക്കളുടെ ഉദാസീനവും സുഖസീമയില്‍ മതിമറന്നുമുള്ള പ്രവര്‍ത്തനരീതി സംഘടനയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 15 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് 36 പ്രതിനിധികളാണ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തത്.
സ്വന്തമായി ഒരു സമരം പോലും ഏറ്റെടുക്കാതെ സംഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ യാതൊരു പ്രവര്‍ത്തനവും ജില്ലാ നേതാക്കള്‍ നടത്തിയില്ലെന്ന പ്രതിനിധികളുടെ വിമര്‍ശനം സിപിഎമ്മിനകത്തും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സംസ്ഥാന നേതൃത്വങ്ങള്‍ പ്രഖ്യാപിക്കുന്ന സമരപരിപാടികള്‍ പോലും വഴിപാടാക്കി മാറ്റുകയാണ് ജില്ലാ നേതൃത്വമെന്ന വിമര്‍ശനവും ഗൗരവതരമാണ്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളാണ് സംസ്ഥാന കമ്മിറ്റിയും സ്വീകരിച്ചതെന്ന കുറ്റപ്പെടുത്തലും പ്രതിനിധികള്‍ നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലുണ്ടായ ഈ വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വവും അഖിലേന്ത്യാ നേതൃത്വും പരിശോധിക്കാന്‍ സാധ്യത ഏറെയാണ്.
അതേസമയം ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലെ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ സിപിഎമ്മിനകത്തും വന്‍ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യമാണെന്ന നിഗമനത്തിന്റെ ഭാഗമാകാം വിഭാഗീയമായ ചര്‍ച്ചകളോ പ്രവര്‍ത്തനങ്ങളോ ഉണ്ടാകാതെയാണ് ഭാരവാഹികളെ നിശ്ചയിച്ചത്. നിലവിലുള്ള പ്രസിഡന്റ് നിതിന്‍ കണിച്ചേരിയും സെക്രട്ടറി അഡ്വ. കെ പ്രേംകുമാറും തുടരാനാണ് സമ്മേളനം തീരുമാനിച്ചത്. 51 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. കെ സുലോചന, കെ സിയാവുദീന്‍, എം രാജേഷ് (വൈസ് പ്രസിഡന്റുമാര്‍). ടി വി ഗിരീഷ്, ബി ധരേഷ്, എ അനിതാനന്ദന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ടി എം ശശി (ഖജാഞ്ചി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Next Story

RELATED STORIES

Share it