ഡിഫ്തീരിയ ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

താനൂര്‍: ഡിഫ്തീരിയ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. താനൂര്‍ മോര്യയിലെ ചെറവത്ത് കൊറ്റായില്‍ ഹംസക്കുട്ടി ഹാജിയുടെ മകന്‍ മുഹമ്മദ് അമീനാണ് (16) മരിച്ചത്.
പത്ത് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച വിദ്യാര്‍ഥിയെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം കുറഞ്ഞതിനെത്തുടര്‍ന്ന് അമീനെ രണ്ട് ദിവസം മുമ്പ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെ വെന്‍ഡിലേറ്ററിലേക്ക് മാറ്റിയ അമീന്‍ ഉച്ചയ്ക്ക് ഒന്നര മണിയോടെ മരിക്കുകയായിരുന്നു. പ്രതിരോധ വാക്‌സിനുകള്‍ തീരെ എടുക്കാത്തതിനാല്‍ ഡിഫ്തീരിയ (തൊണ്ടമുള്ള്) ഹൃദയത്തെ ബാധിക്കുകയായിരുന്നു. അന്തിമമായ രോഗനിര്‍ണയം നടത്താന്‍ സാമ്പിളുകള്‍ ലബോറട്ടറിയിലേക്കയച്ച് കാത്തിരിക്കുന്നതിനിടെയാണ് മരണം.
ഡിഫ്തീരിയ കാരണങ്ങളാണ് മരണമെന്നും ഹൃദയത്തെ രോഗം കൂടുതല്‍ ബാധിച്ചിരുന്നതായും മെഡിക്കല്‍ കോളേജ് ലബോറട്ടറി അറിയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
തൊണ്ടയില്‍ പിടിപെടുന്ന ഡിഫ്തീരിയ രോഗം ഹൃദയത്തെ ബാധിക്കുന്നതോടെ ജീവിതത്തിലേക്ക് മടങ്ങുക പ്രയാസമാണെന്നും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ സപ്തംബറില്‍ മലപ്പുറം വെട്ടത്തൂര്‍ യതീംഖാനയിലെ രണ്ട് വിദ്യാര്‍ഥികളും ഡിഫ്തീരിയ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് ജില്ലയില്‍ ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ഡിഫ്തീരിയ കാരണം മരണം സംഭവിച്ചിരിക്കുന്നത്. രണ്ട് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ഇപ്പോഴും ചികില്‍സയിലാണ്. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ അറബിക് കോളജ് വിദ്യാര്‍ഥിയായിരുന്നു പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്തിയ അമീന്‍. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മോര്യ കോട്ടുകാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഇല്യാസ് ഹുദവി, നബീല്‍, മിസ്ഹബ്, റഹ്മത്ത്, ഹസനത്ത്.
Next Story

RELATED STORIES

Share it