malappuram local

ഡിഫ്തീരിയ: ഊര്‍ജിത കുത്തിവയ്പ് കാംപയിന്‍ തുടങ്ങി; ആദ്യ ദിനം1490 കുട്ടികള്‍ക്ക് മരുന്ന് നല്‍കി

മലപ്പുറം: രണ്ട് മരണം ഉള്‍പ്പെടെ അഞ്ച് ഡിഫ്തീരിയ (തൊണ്ട മുള്ള്) കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ് 100 ശതമാനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 25ന് ജില്ലാ കലക്ടര്‍ എസ്‌വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഏകോപന സമിതി യോഗ തീരുമാന പ്രകാരം ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്- നഗരസഭകളിലും അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ കുത്തിവയ്പ് ശാക്തീകരണത്തിന് കര്‍മ പദ്ധതി തയ്യാറാക്കി.
ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മത-സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.26ന് 44 ഗ്രാമപ്പഞ്ചായത്തുകളിലും നാല് നഗരസഭകളിലും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ബാക്കി പഞ്ചായത്തുകളിലും നഗരസഭകളിലും ജൂണ്‍ 27ന് യോഗം നടന്നു. ഞായറാഴ്ച യോഗങ്ങള്‍ നടന്ന പഞ്ചായത്ത്- നഗരസഭകളിലെ 26 കേന്ദ്രങ്ങളിലായാണ് തിങ്കളാഴ്ച 1490 കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കിയത്. മറ്റിടങ്ങളില്‍ ഇന്ന് കാംപുകള്‍ നടക്കും.സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കുത്തിവയ്പ് കാംപുകള്‍ നടത്തുന്നത്. ചിലയിടങ്ങളില്‍ ഹെല്‍ത്ത് സെന്ററുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ചും കാംപുകള്‍ സജീകരിച്ചിട്ടുണ്ട്.
തീരെ കുത്തിവയ്പ് എടുക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്ത ജില്ലയിലെ 1,32,000 കുട്ടികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കുകയാണ് ലക്ഷ്യം. തീരെ കുത്തിവെയ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും മൂന്ന് ഡോസ് ടെറ്റ്‌നസ് -ഡിഫ്തീരിയ (ടിഡി) വാക്‌സിനും മറ്റുള്ളവര്‍ക്ക് ഒരു ഡോസ് ടിഡി വാക്‌സിനുമാണ് നല്‍കുക. ഇത് കൂടാതെ രോഗികളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന രോഗിയുടെ ബന്ധുക്കള്‍, പരിചരിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രതിരോധ കുത്തിവയ്പുകളും മരുന്നും നല്‍കും.
വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സുമാര്‍, പൊതുപ്രവര്‍ത്തകര്‍, മതനേതാക്കള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് വാര്‍ഡില്‍ കുത്തിവയ്പ് 100 ശതമാനമാക്കാന്‍ കര്‍മ പരിപാടി ആവിഷ്‌കരിച്ചുവരുന്നുണ്ട്. സ്‌കൂളുകളില്‍ അധ്യാപക- രക്ഷാകര്‍തൃ യോഗങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത് ബോധവത്ക്കരണം നടത്തും.
Next Story

RELATED STORIES

Share it