Alappuzha local

ഡിപ്പോയില്‍ തടി നീക്കം നിലച്ചു; കോടികളുടെ തടി കെട്ടിക്കിടക്കുന്നു

ഹരിപ്പാട്: വനം വകുപ്പിനു കീഴിലുള്ള വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തടിയുടെ വിപണനം നിലച്ചിട്ട് ഏഴു മാസങ്ങള്‍ പിന്നിട്ടു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകളെ ഡിപ്പോയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മാസങ്ങളായി തടിനീക്കം നിലച്ചത്.
നിലവില്‍ സി.ഐ.ടി.യു, എ .ഐ.ടി.യു.സി യൂനിിയനുകളിലെ 62 ഓളം തൊഴിലാളികളാണ് ഡിപ്പോയില്‍ തൊഴിലെടുക്കുന്നത്.അന്യ പഞ്ചായത്തുകളില്‍ നിന്നുള്ള തൊഴിലാളികള്‍ ഡിപ്പോയില്‍ തൊഴിലെടുക്കുമ്പോള്‍ പ്രദേശത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നില്ല എന്ന വാദം ഉന്നയിച്ചാണ് യൂനിിയനുകള്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. നിലവിലുള്ള യൂനിിയന്‍ ഭാരവാഹികള്‍ ഡിപ്പോ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല .
തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസറും ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകത്തതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണറുടെ പരിഗണനയിലാണ് വിഷയമിപ്പോള്‍. ആഴ്ചയില്‍ മൂന്നു ലോഡിന്റെ പണി പോലും ഇവിടെയില്ലാതിരിക്കെ പുതിയ തൊഴിലാളികളെ എടുക്കുന്നതു കൊണ്ടു യാതൊരു ഗുണവുമില്ല എന്നാണ് നിലവിലെ യൂണിയന്‍ ഭാരവാഹികളുടെ നിലപാട്.
അതേസമയം ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ ലേലത്തില്‍ പിടിച്ച് മുഴുവന്‍ തുകയും അടച്ചിട്ടും തടി കൊണ്ടുപോകാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് കച്ചവടക്കാര്‍. ക്യുബിക്കടിക്ക് 7,000 രൂപ വരെ വിലയുള്ള മുന്തിയ ഗ്രേഡിലുള്ള തേക്ക് ,ഈട്ടി ,മരുതി, വെന്തേക്ക് തുടങ്ങിയ തടികളാണ് കെട്ടിക്കിടക്കുന്നത്. ഇതിനിടെ പണം അടച്ചവര്‍ വനംവകുപ്പിന്റെ മറ്റു ഡിപ്പോകളില്‍ നിന്നും തടി കൈപ്പറ്റി കൊണ്ടു പോകുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കൂപ്പുകളില്‍ തടിയുടെ ലഭ്യത കുറഞ്ഞതോടെ വര്‍ഷങ്ങളായി പ്രവര്‍ത്തനം മന്ദീഭവിച്ചു കിടന്നിരുന്ന ഡിപ്പോയില്‍ സമീപകാലത്താണ് തടി എത്താന്‍ തുടങ്ങിയത്.
യൂണിയനുകളുടെ ഇടപെടലോടെ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. തൊഴില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിന്നുപോകുമെന്ന് തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it