ഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തി; തുറന്നടിച്ച് സെന്‍കുമാര്‍

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ടി പി സെന്‍കുമാര്‍. താന്‍ തുടരുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ അക്കാര്യം മാന്യമായി അറിയിക്കാമായിരുന്നുവെന്ന് സെന്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായ തെറ്റുകളൊക്കെ തനിക്കറിയാം. സുപ്രിംകോടതി വിധിയുടെയും കേരള പോലിസ് ആക്റ്റിന്റെയും ലംഘനം നടന്നിട്ടുണ്ടെന്നു തുറന്നടിച്ച സെന്‍കുമാര്‍, നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്ന സൂചനയും നല്‍കി.
പോലിസ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡിജിപി സ്ഥാനത്തുനിന്നു നീക്കിയ ഉത്തരവു ലഭിക്കാതെ പ്രതികരിക്കാനില്ലെന്നു പറഞ്ഞ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങള്‍ക്കു മുന്നില്‍ വികാരഭരിതനായി. വാശിപിടിച്ച് ഒരു ഡിജിപിയായി ഇരിക്കുന്നതില്‍ ഒരര്‍ഥവുമില്ല. കാരണം സര്‍ക്കാരിനു വിശ്വാസമില്ലെങ്കില്‍ പിന്നെ ആ തസ്തികയിലിരുന്ന് സര്‍ക്കാരിനും ഇരിക്കുന്നയാള്‍ക്കും ബുദ്ധിമുട്ടാവുന്നതുകൊണ്ട് കാര്യമില്ല. ലോക്‌നാഥ് ബെഹ്‌റയല്ല സെന്‍കുമാര്‍.
ബെഹ്‌റയെ ആഗ്രഹമുള്ളൊരു സര്‍ക്കാരിന് സെന്‍കുമാറിനെ പറ്റില്ല. അതു തനിക്കറിയാം. അതൊക്കെ തീരുമാനിക്കുന്നതു സര്‍ക്കാരാണ്. ഒരാളെ ഇഷ്ടമില്ലെങ്കില്‍ അക്കാര്യം പറയാമായിരുന്നു. തങ്ങള്‍ക്കു വിശ്വാസമുള്ളൊരു ഓഫിസറെ വേണമെന്നു പറഞ്ഞിരുന്നെങ്കില്‍ തനിക്കു സുഖമായി മാറിപ്പോവാമായിരുന്നു. ഇപ്പോള്‍ ഡിജിപിയുടെ ഓഫിസില്‍ വളരെ കുറവ് ഉദ്യോഗസ്ഥരേയുള്ളൂ. നാല് എഡിജിപിമാരും അഞ്ച് ഐജിമാരും രണ്ട് ഡിഐജിമാരും ഉള്ളിടത്ത് മിക്കവാറും ആരുമില്ലാത്ത അവസ്ഥയിലാണ് ജോലിചെയ്യേണ്ടിവരുന്നത്.
ഒരുദിവസം 16-18 മണിക്കൂര്‍ ജോലിചെയ്താണ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീര്‍ത്തിരുന്നത്. ഏറ്റെടുത്തവയെല്ലാം കഴിയുന്നത്ര നന്നായി ചെയ്തിട്ടുണ്ട്.
ഡിജിപിയായി ഇരുന്നകാലത്ത് ക്ലബ്ബുകളിലോ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഡിന്നറിനോ പോവുകയോ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്ന ആളല്ല താന്‍. ജോലി കഴിഞ്ഞാല്‍ വീട്ടിലേക്കാണു പോവാറുള്ളത്. എല്ലാ സര്‍ക്കാരിനും ഒരു നയമുണ്ടാവും, അവര്‍ക്ക് താല്‍പര്യമുള്ള ഓഫിസര്‍മാരും.
അതെന്തായാലും തനിക്കൊരിക്കലും ലോക്‌നാഥ് ബെഹ്‌റയാവാനാവില്ല. സെന്‍കുമാര്‍ എപ്പോഴും സെന്‍കുമാറായിരിക്കും. തനിക്കു കുറച്ച് തത്വമുണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഒരാളെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. ഒരു കൃത്രിമവും ചെയ്തിട്ടില്ല. നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും പരസ്യമാക്കിയിട്ടില്ല. തന്റെ അറിവുകള്‍വച്ച് മികച്ച തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.
സര്‍ക്കാരിന് ആവശ്യം ബെഹ്‌റയെ ആയിരിക്കും. ഒരുവര്‍ഷം ഡിജിപിയായി ഇരുന്നുകൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പോലിസ് ഓഫിസറെന്ന നിലയില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്താന്‍ പോയിട്ടില്ലെന്നും ആര്‍ക്കുമുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും ഇന്നലെ രാവിലെ തന്റെ ഫേസ്ബുക്ക് പേജില്‍ സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു. യാതൊരു വിവേചനവും കാട്ടാതെയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ പൂര്‍ണ തൃപ്തിയോടെയാണു പദവി ഒഴിയുന്നത്. പോലിസ് മേധാവിയെന്ന നിലയിലെ അവസാന ഫേസ്ബുക്ക് പോസ്റ്റാണിത്.
ജനങ്ങള്‍ക്കു പ്രയോജനപ്രദമായ ആശയങ്ങള്‍ പങ്കുവയ്ക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍ തിരക്കുമൂലം പൂര്‍ണമായും വിജയം കണ്ടില്ല. 1981ല്‍ സാധാരണ ഐഇഎസ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
സര്‍വീസില്‍ തുടര്‍ന്ന 35 വര്‍ഷവും സത്യസന്ധതയോടും ആത്മാര്‍ഥതയോടും നീതിയോടെയുമാണു പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ സഹായിച്ചിട്ടുണ്ട്. നീതിക്കെതിരേ പ്രവര്‍ത്തിക്കാന്‍ സഹപ്രവര്‍ത്തകരോടു ആവശ്യപ്പെട്ടിട്ടില്ല. നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിച്ചിട്ടുമില്ല. പോലിസ് ഓഫിസറെന്ന നിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതി ഈ സംതൃപ്തിതന്നെയാണെന്നു വിശ്വസിക്കുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു.
Next Story

RELATED STORIES

Share it