ഡിഎംകെ സ്ഥാനാര്‍ഥിയെച്ചൊല്ലി തര്‍ക്കം; എ രാജയുടെ കാറിനു നേരെ ചെരിപ്പേറ്

ഊട്ടി: മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയുടെ കാറിനു നേരെ ചെരിപ്പും ചീമുട്ടയുമെറിഞ്ഞു. കൂനൂര്‍ മണ്ഡലം ഡിഎംകെ സ്ഥാനാര്‍ഥി എം ബി മുബാറക്കിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചെരിപ്പ്, ചീമുട്ട എന്നിവയുടെ ഏറില്‍ കലാശിച്ചത്.
മുബാറക്കിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്ന മുന്‍മന്ത്രി ഡി രാമചന്ദ്രനോട് അനുഭാവം പുലര്‍ത്തുന്നവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഊട്ടിയില്‍നിന്നുള്ള മുന്‍ ലോക്‌സഭാ അംഗമായ രാജ കോത്തഗിരിയില്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്താന്‍ എത്തിയപ്പോഴാണു പ്രതിഷേധമുണ്ടായത്.
യോഗം നടക്കുന്ന ഹാളിനു മുമ്പില്‍ രാജയുടെ കാര്‍ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ കാര്‍ തടയുകയും ഏറു നടത്തുകയുമായിരുന്നു. പോലിസും പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് രാജയെയും മുബാറക്കിനെയും പരിക്കേല്‍ക്കാതെ യോഗം നടക്കുന്ന ഹാളിലെത്തിച്ചത്. 800ഓളം ഡിഎംകെ പ്രവര്‍ത്തകര്‍ സംബന്ധിച്ച യോഗം സമാധാനപരമായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഡിഎംകെയുടെ വിജയത്തിനായി എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന പാര്‍ട്ടി തലവന്‍ എം കരുണാനിധിയുടെ ആഭ്യര്‍ഥനയ്ക്കു പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. നിരവധി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയം പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് നാലിടങ്ങളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി മാറ്റി.
നിയമസഭയിലെ മുന്‍ വിപ്പായിരുന്ന മുബാറക്കിനെതിരേ മണ്ഡലത്തിലെ ചില കോണുകളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, മുബാറക്കിനെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
Next Story

RELATED STORIES

Share it