ഡിഎംകെ- കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ്സും ഡിഎംകെയും സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവരും കരുണാനിധിയും പങ്കെടുത്തു. തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം ആസാദ് വാര്‍ത്താലേഖകരെ അറിയിച്ചു. സീറ്റ് വിഭജനം ചര്‍ച്ചയില്‍ പരാമര്‍ശിക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ചു ചര്‍ച്ച നടത്തിയിട്ടില്ല. മുന്നണിയിലെ കക്ഷികള്‍ മല്‍സരിക്കുന്ന സീറ്റുകള്‍ എത്രയാണെന്നു തീരുമാനിക്കപ്പെടേണ്ടതുണ്ട്. അതിനായി ചര്‍ച്ച തുടരും- ആസാദ് പറഞ്ഞു. കരുണാനിധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ആസാദും വാസ്‌നികും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി പാര്‍ട്ടി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച സൗഹൃദപരമായിരുന്നുവെന്ന് ഡിഎംകെ ഖജാഞ്ചി എം കെ സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസ് മല്‍സരിക്കാനുദ്ദേശിക്കുന്ന സീറ്റുകളുടെ എണ്ണം ഡിഎംകെയെ അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്സിന് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം ഡിഎംകെയും സൂചിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. വിജയ് കാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ നാല് കക്ഷികളടങ്ങിയ ജനക്ഷേമമുന്നണിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിഎംകെ-കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
Next Story

RELATED STORIES

Share it