ഡിഎംകെ- കോണ്‍ഗ്രസ് സീറ്റ് ധാരണ

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് ആഴ്ച്ചകള്‍ നീണ്ട വിലപേശലുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിരാമമിട്ട് ഡിഎംകെ- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. 45 സീറ്റ് ആവശ്യപ്പെട്ട പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് 41 സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ തയ്യാറായതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. 41 സീറ്റ് അനുവദിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചതായി മുതിര്‍ന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് വിജയം നേടുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് മുകുള്‍ വാസ്‌നിക്, ടിഎന്‍സിസി മേധാവി ഇ വി കെ എസ് ഇളങ്കോവന്‍, ഡിഎംകെ ഖജാഞ്ചി എം കെ സ്റ്റാലിന്‍ എന്നിവരോടൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആസാദ് പറഞ്ഞു. ഡിഎംകെയുടെ പക്കലാണ് കൂടുതല്‍ സീറ്റുകള്‍. ഈ സീറ്റ് മറ്റ് കക്ഷികള്‍ക്കു കൂടിയുള്ളതാണ്. ദേശീയതലത്തില്‍ സോണിയാ ഗാന്ധിയുടെയും തമിഴ്‌നാട്ടില്‍ കരുണാനിധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന് വിജയിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ നേതൃത്വവും കോണ്‍ഗ്രസ്സിന്റെ സംസ്ഥാന- ദേശീയ നേതാക്കളും തമ്മില്‍ ആഴ്ചകളോളം നീണ്ട ഉഭയക്ഷി ചര്‍ച്ചകള്‍ക്കൊടുവിലാണ് 41 സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായത്. അടുത്തിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇളങ്കോവന്‍ ചര്‍ച്ച നടത്തിയിരുന്നു. ചുരുങ്ങിയത് 45 സീറ്റുകള്‍ക്കായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഡിഎംകെ നേതൃത്വം വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് 41 സീറ്റ് അംഗീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it