ഡിഎംഒയുടെ മൊബൈല്‍ കിണറ്റില്‍നിന്നു കണ്ടെടുത്തു

മഞ്ചേരി: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ കാണാതായ മൊബൈല്‍ ഫോണുകള്‍ ഇന്നലെ ലഭിച്ചു. മലപ്പുറം മുടിക്കോടുള്ള ഡോക്ടറുടെ വീടിന് സമീപത്തെ കിണറ്റില്‍ നിന്നാണ് നോക്കിയ (എന്‍ 73) യുടെ ഒരു പഴയ ഫോണും സാംസങ് ഡോസ് സ്മാര്‍ട്ട് ഫോണും കണ്ടെടുത്തത്.
കൂടെ ബൈന്‍ഡ് ചെയ്ത രജിസ്റ്റര്‍ ബുക്കും ലഭിച്ചിട്ടുണ്ട്. ബുക്ക് വെള്ളത്തില്‍ കുതിര്‍ന്നതിനാല്‍ ഉണങ്ങിയ ശേഷം പരിശോധിക്കും. ക്ലിനിക്കിലെത്തുന്ന രോഗികളുടെ വിവരങ്ങളാണ് രജിസ്റ്ററിലുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ബുക്ക് വെള്ളത്തില്‍നിന്ന് പൊങ്ങാതിരിക്കാന്‍ ടൈലുകള്‍ കെട്ടിവച്ച നിലയിലായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ആദായനികുതി ജീവനക്കാര്‍ ക്ലിനിക്കില്‍ പരിശോധന നടത്തിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. 13 കോല്‍ താഴ്ചയുള്ള കിണറ്റില്‍ രണ്ടു ദിവസം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്കു കളഞ്ഞാണ് സാധനങ്ങള്‍ കണ്ടെടുത്തത്. ഫോണുകളും മറ്റും ഭാര്യ ഷീബയാണ് തിരിച്ചറിഞ്ഞത്. നോക്കിയയുടെ ഫോണില്‍ മാത്രമാണ് സിംകാര്‍ഡുള്ളത്. നനഞ്ഞതിനാല്‍ സിംകാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഉണക്കിയ ശേഷം കൂടുതല്‍ പരിശോധനയ്ക്കായി ഇന്ന് സൈബര്‍ സെല്ലിന് കൈമാറും.
കഴിഞ്ഞ 21നാണ് കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ ഡിഎംഒ വീടിനോടു ചേര്‍ന്ന പരിശോധനാ മുറിയില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയില്‍ ആര്‍ക്കും പങ്കില്ലെന്ന് ഡോക്ടര്‍ എഴുതിവച്ചിരുന്നു. എന്നാല്‍, വയനാട് ജില്ലാ ആശുപത്രിയില്‍ പാര്‍ട് ടൈം സ്വീപ്പര്‍ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നത് ഡോക്ടറെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഈ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
Next Story

RELATED STORIES

Share it