malappuram local

ഡിഎംഒയുടെ ആത്മഹത്യ: മുന്‍ വിജിലന്‍സ് അഡീ.ഡയറക്ടറെ ചോദ്യംചെയ്‌തേക്കും

മഞ്ചേരി: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പി വി ശശിധരന്റെ(51) മരണവുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യ അഡീഷനല്‍ വിജിലന്‍സ് ഡയറക്ടറെ ചോദ്യം ചെയ്യാന്‍ സാധ്യത. ഇവര്‍ ഡോക്ടറുടെ പന്തല്ലൂരിലെ ക്ലിനിക്കില്‍ ഇടയ്ക്കിടെ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ മുന്‍ സൂപ്രണ്ട് കൂടിയായിരുന്ന ഈ ലേഡി ഡോക്ടര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ക്ലിനിക്കില്‍ പരിശോധന നടത്തുന്നതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. മാത്രമല്ല, വീണ്ടും പരിശോധന നടത്തുമോയെന്ന് ഭയന്നിട്ടായിരിക്കാം ഡോക്ടര്‍ രജിസ്റ്റര്‍ ബുക്ക് കിണറ്റിലിട്ടതെന്നും ആരോപണമുണ്ട്. ജനകീയനായ ഡോക്ടറുടെ ക്ലിനിക്കില്‍ നിരവധി രോഗികളെത്താറുണ്ടായിരുന്നു.
ഭുരിഭാഗം ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും തന്നെ മാത്രം ഫോക്കസ് ചെയ്യുന്നതില്‍ ഡിഎംഒ പ്രയാസപ്പെട്ടിരുന്നുവേണം കരുതാന്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നതിന് മുമ്പ് സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരെ പോലിസ് വിജിലന്‍സ് പിടികൂടിയിരുന്നു. ഇതിന് പിന്നില്‍ ചില സഹജീവനക്കാരുണ്ടെന്ന തോന്നലില്‍ ചിലരുടെ നേരെ മനപ്പൂര്‍വം തന്റെ തസ്തിക ദുരുപയോഗം ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ശശിധരനുമായി മുന്‍ അഡീഷനല്‍ ഡയറക്ടര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നറിവില്ല.
മഞ്ചേരി ജനറല്‍ ആശുപത്രിയുടെ സൂപ്രണ്ട് സ്ഥാനത്ത് നിന്നു പ്രമോഷനായിട്ടും ആശുപത്രിയിലെ പനി ക്ലിനിക്കില്‍ ഡിപ്പാര്‍ട്ട്‌മെന്ററിയാതെ ജോലി ചെയ്യാന്‍ ഇവര്‍ ശ്രമിച്ചത് ചില ജീവനക്കാര്‍ തടഞ്ഞതിനാല്‍ ആശുപത്രിയെ കേന്ദ്രീകരിച്ചും ഇടയ്ക്കിടെ വിജിലന്‍സ് പരിശോധന നടത്തുന്നത് പതിവാക്കിയിരുന്നു.
സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത വിജിലന്‍സ് സ്ഥാനം പക പോക്കാന്‍ ഉപയോഗിക്കുകയാണെന്ന് മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആരോപിച്ചിരുന്നു.
ഡിസംബര്‍ 21 നാണ് ഡിഎംഒയെ മുടിക്കോട് വീടിനോട് ചേര്‍ന്ന പരിശോധനാ മുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ശേഷം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുകളും മറ്റും കണ്ടെത്തിയിരുന്നുവെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
Next Story

RELATED STORIES

Share it