ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തി

റോം: ലിയനാഡോ ഡാവിഞ്ചിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ കണ്ടെത്തിയതായി ഇറ്റാലിയന്‍ ഗവേഷകര്‍. ചരിത്ര ഗവേഷകരായ അലെസാന്ദ്രോ വെസ്സോസി, അങ്‌നേസ് സബാതോ എന്നിവരാണ് 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിത്രകാരനും എന്‍ജിനീയറും ഗണിതശാസ്ത്രജ്ഞനുമായ ഡാവിഞ്ചിയുടെ പരമ്പരയില്‍പെട്ടവരെ കണ്ടെത്തിയതായി ഫ്‌ലോറന്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 1973ല്‍ ആരംഭിച്ച ഗവേഷണത്തിന്റെ ഭാഗമായി ഡാവിഞ്ചിയോട് പരോക്ഷമായി ബന്ധമുള്ള 35 പേരെ കണ്ടെത്താനായി.
ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. 1519ല്‍ മരിച്ച ഡാവിഞ്ചിയുടെ ഭൗതികാവശിഷ്ടങ്ങള്‍ 16ാം നൂറ്റാണ്ടിലെ മതപരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നഷ്ടമായിരുന്നു. ഇതിനാല്‍ ബന്ധുക്കളെ കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ അറിയിച്ചു. പള്ളികളില്‍ നിന്നുള്ള രേഖകള്‍, ഭൂമിയുമായി ബന്ധപ്പെട്ട പ്രമാണങ്ങള്‍ എന്നിവ അന്വേഷണത്തില്‍ പരിശോധിച്ചിരുന്നു.
കുട്ടികളില്ലാതിരുന്ന ഡാവിഞ്ചിയുടെ സഹോദരങ്ങളുടെ സന്തതി പരമ്പരയില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it