ഡാനിഷ് വനിതയെ ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ക്കു ജീവപര്യന്തം

ന്യൂഡല്‍ഹി: 52കാരിയായ ഡാനിഷ് വനിതയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ക്കു ഡല്‍ഹിയിലെ വിചാരണക്കോടതി ജീവപര്യന്തം തടവു വിധിച്ചു. പ്രതികള്‍ 83,000 മുതല്‍ 1,03,000 രൂപവരെ പിഴയടയ്ക്കാനും അഡീഷനല്‍ സെഷന്‍സ് ജഡ്ജി രമേശ് കുമാര്‍ ഉത്തരവിട്ടു. മഹീന്ദര്‍ എന്ന ഗഞ്ച(25), മുഹമ്മദ് രാജ(25), രാജു(23), അര്‍ജുന്‍(21), രാജു ചക്ക(30) എന്നിവരാണു പ്രതികള്‍. രാജുവും രാജു ചക്കയും 83,000 രൂപവീതവും മഹീന്ദര്‍, മുഹമ്മദ് രാജ എന്നിവര്‍ 93,000 രൂപയും അര്‍ജുന്‍ 1,03,000 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്. പ്രതികള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ഡി, 395, 366, 324, 506, 34 വകുപ്പുകള്‍ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. 2014 ജനുവരി 14ന് ന്യൂഡല്‍ഹി റെയില്‍വേസ്‌റ്റേഷനടുത്തുള്ള ഡിവിഷനല്‍ റെയില്‍വേ ഓഫിസേഴ്‌സ് ക്ലബ്ബിലാണ് സംഭവം നടക്കുന്നത്. ഒമ്പതംഗ സംഘം ഡാനിഷ് വനിതയെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. കേസില്‍ ആറാംപ്രതിയായിരുന്ന 56കാരന്‍ ശ്യാംലാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചു. മറ്റു രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരായിരുന്നതിനാല്‍ അവര്‍ക്കെതിരായ കേസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് മാറ്റി. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ പ്രതികളെ ജഡ്ജിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പോലിസ് ദേഹപരിശോധന നടത്തിയിരുന്നു. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ക്രൂരമായ കുറ്റകൃത്യമാണ് ഇവര്‍ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചു.
Next Story

RELATED STORIES

Share it