ഡല്‍ഹി സര്‍വകലാശാലയില്‍ രാമക്ഷേത്ര സെമിനാര്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരേ പ്രതിഷേധം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു സെമിനാറില്‍ ഉദ്ഘാടന പ്രഭാഷണം നടത്തിയത്. എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഐസ, ഡിഎസ്‌യു എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ സെമിനാര്‍ വേദിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിയമത്തിന് എതിരായ തരത്തിലോ ബലപ്രയോഗത്തിലൂടെയോ ഇതിനായി ഒന്നും ചെയ്യില്ല. അയോധ്യ കേസ് കോടതിയില്‍ വിജയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ്സുകാര്‍ രാമക്ഷേത്ര വിഷയത്തെ പിന്തുണയ്ക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ഒരവസരം വന്നാല്‍ ക്ഷേത്രം നിര്‍മിക്കാമെന്നും പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കുന്നില്ലെന്നും രാജീവ് പറഞ്ഞിരുന്നു. രാമായണം ടെലിവിഷന്‍ സീരിയല്‍ രാജീവിന്റെ കാലത്താണ് ആരംഭിച്ചത്. അത് പൊതുസമൂഹത്തില്‍ പുതിയ ഉണര്‍വുണ്ടാക്കി. ക്ഷേത്രത്തിന്റെ തറക്കല്ലിടാന്‍ അനുവാദം നല്‍കുമെന്ന് രാജീവ് പറഞ്ഞിരുന്നു. 1989ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യത്തെ രാമരാജ്യം ആക്കാമെന്നു രാജീവ് പറഞ്ഞതായും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
രണ്ടു ദിവസം നീളുന്ന സെമിനാര്‍ അരുന്ധതി വസാഷ്ഠ അനുസന്തന്‍ പീഠമാണ് സംഘടിപ്പിച്ചത്.സെമിനാറിന് നല്‍കിയ അനുവാദം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ സര്‍വകലാശാലയോട് അഭ്യര്‍ഥിച്ചിരുന്നു. സെമിനാര്‍ സര്‍വകലാശാലാ കാംപസിനെ വര്‍ഗീയവല്‍ക്കരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it