Flash News

വാഹന നിയന്ത്രണം: പരീക്ഷണത്തിന് 15 ദിവസം മതിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

വാഹന നിയന്ത്രണം: പരീക്ഷണത്തിന് 15 ദിവസം മതിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
X
CARSNEW

ന്യൂഡല്‍ഹി: മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപ്പാക്കിയ നമ്പര്‍ അനുസരിച്ചുള്ള വാഹനനിയന്ത്രണം ഫലപ്രദമാകണമെങ്കില്‍ 15 ദിവസം മതിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിലുള്ള വാഹനനിയന്ത്രണം ഒരാഴ്ചത്തേക്കു പോരേയെന്ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് കഴിഞ്ഞദിവസം സര്‍ക്കാരിനോട് അന്വേഷിച്ചിരുന്നു. ഇതിന് മറുപടിയായാണ് പരീക്ഷണത്തിന് ഫലംകണ്ടുതുടങ്ങിയിട്ടുണ്ടെന്നും ശരിയായ രീതിയില്‍ വിലയിരുത്തണമെങ്കില്‍ പതിനഞ്ച് ദിവസത്തിലേറെ ആവശ്യമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്. പദ്ധതി നടപ്പാക്കിയതിനെത്തുടര്‍ന്ന് നഗരത്തിലെ അന്തരീക്ഷമലിനീകരണം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസില്‍ ഈ മാസം 11ന് വിധി പ്രഖ്യാപിക്കുമെന്നും അതുവരെ പരിഷ്‌കാരം തുടരാമെന്നും കോടതി അറിയിക്കുകയായിരുന്നു.
പെട്രോള്‍, ഡീസല്‍ കാറുകള്‍ അവയുടെ നമ്പര്‍ അനുസരിച്ച് ഇടവിട്ട ദിവസങ്ങളില്‍ പുറത്തിറങ്ങിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ജനുവരി 15 വരെ നടപ്പാക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുമൂലമുണ്ടാവുന്ന യാത്രാദുരിതം പരിഹരിക്കാന്‍ ഡല്‍ഹിയിലെ പൊതുയാത്രാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഒരാഴ്ചയില്‍ അധികം നടപ്പാക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് സംസ്ഥാനസര്‍ക്കാരിനോട് കോടതി ആരാഞ്ഞത്. മതിയായ പൊതുഗതാഗത സൗകര്യം ഇല്ലെന്നിരിക്കെ നിയന്ത്രണം 15 ദിവസം തുടരേണ്ടത് അത്യാവശ്യമാണൊയെന്നും ബെഞ്ച് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. നിയന്ത്രണംമൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണമെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം അംഗീകരിച്ച് പരീക്ഷണം തുടരാനുള്ള അനുമതിയാണ് കോടതി ഇന്ന്് സര്‍ക്കാരിന് നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത്. പരീക്ഷണം നടപ്പാക്കിയതിനെത്തുടര്‍ന്ന് നഗരത്തിലെ മലിനീകരണത്തോതില്‍ വന്ന കുറവ് സംബന്ധിച്ച ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്ക അദ്ദേഹം സര്‍ക്കാരിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it