ഡല്‍ഹി ലോക്പാല്‍ ബില്ല് തട്ടിപ്പ്: പ്രശാന്ത് ഭൂഷണ്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ജന്‍ ലോക്പാല്‍ ബില്ല് വലിയ തമാശയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ ജന്‍ ലോക്പാല്‍ കരട് ബില്ലിലെ വകുപ്പുകളില്‍ വെള്ളം ചേര്‍ത്ത് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വലിയ തട്ടിപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു സാമൂഹിക പ്രസ്ഥാനത്തിലെ നേതാക്കളും ഇത്തരം വലിയ തട്ടിപ്പ് ചെയ്തിട്ടില്ല. ശക്തമായ ജന്‍ ലോക്പാലിനായുള്ള താല്‍പര്യം കെജ്‌രിവാളിന് ഇപ്പോഴില്ലെന്നും എഎപി മുന്‍ നേതാവായിരുന്ന ഭൂഷണ്‍ പറഞ്ഞു.

ബില്ല് പ്രകാരം ലോക്പാലിനെ നിയമിക്കുന്നതും സ്ഥാനമൊഴിവാക്കുന്നതും സംബന്ധിച്ച ഡല്‍ഹി സര്‍ക്കാരിന്റെ വ്യവസ്ഥകളെ ഭൂഷണ്‍ ചോദ്യം ചെയ്തു. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ബില്ലില്‍ സ്വതന്ത്ര്യ സംവിധാനംവഴി മാത്രമെ ലോക്പാല്‍ ഓംബുഡ്‌സ്മാനെ നിയമിക്കാവൂവെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ ലോക്പാല്‍ ബില്ലില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡല്‍ഹി മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ അടങ്ങുന്നതാണ് ലോക്പാലിനെ തിരഞ്ഞെടുക്കുന്ന സമിതി. എന്നാല്‍, ലോക്പാലിനെ ഒഴിവാക്കാന്‍ ഡല്‍ഹി നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം കൊണ്ടുവന്നാല്‍ മതി. നിയമസഭയുടെ ഔദാര്യത്തില്‍ ലോക്പാലിനെ നില നിര്‍ത്തുന്നതു പോലെയാണ് ഈ നടപടി. കെജ്‌രിവാള്‍ ജോക്പാല്‍ എന്നു വിളിച്ച കേന്ദ്രത്തിന്റെ ലോക്പാല്‍ ബില്ല് ഇതിലും ശക്തമാണെന്നും ഭൂഷണ്‍ പറഞ്ഞു. പിതാവും എഎപി സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനുമൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഭൂഷണ്‍ നിശിതവിമര്‍ശനം നടത്തിയത്.
സ്വതന്ത്രവും സുതാര്യവും ശക്തവുമായ അഴിമതി വിരുദ്ധ സംവിധാനമുണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയാണ് എഎപി വോട്ട് നേടിയത്. എന്നാല്‍, വാഗ്ദാനംചെയ്ത വിധത്തിലുള്ള ലോക്പാല്‍ ബില്ല് കൊണ്ടുവരാതെ ജനങ്ങളെ വഞ്ചിച്ച കെജരിവാള്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്നും ശാന്തി ഭൂഷണ്‍ ആവശ്യപ്പെട്ടു. എഎപി എം.എല്‍.എ പങ്കജ് പുഷ്‌കറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it