ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലെ റെയ്ഡ്; മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയല്‍ സിബിഐ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒരു ദിവസം നീണ്ടുനിന്ന സിബിഐ റെയ്ഡില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ പിടിച്ചെടുത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ആരോപിച്ചു.
ഓഫിസില്‍ സൂക്ഷിച്ച ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റ (ഡിഡിസിഎ) ഫയലുകള്‍ സിബിഐ പരിശോധിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു. ഡിഡിസിഎ ഫയലുകള്‍ എടുത്തുകൊണ്ടുപോവാനായിരുന്നു സിബിഐ ശ്രമിച്ചത്. എന്നാല്‍, താന്‍ മാധ്യമങ്ങളോട് ഫയലിനെ പറ്റി പറഞ്ഞപ്പോഴാണ് അത് നടക്കാതെ പോയത്. അതിന്റെ പകര്‍പ്പ് അവര്‍ എടുത്തിട്ടില്ലെന്ന് ഉറപ്പാക്കാനാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രി ന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ ഉയര്‍ന്ന ആരോപണവുമായി ബന്ധമില്ലാത്ത ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
നവംബര്‍-ഡിസംബര്‍ മാസത്തെ മൂവ്‌മെന്റ് രജിസ്റ്ററുകളും ഗതാഗതത്തെ സംബന്ധിച്ച മൂന്ന് ഫയലുകളും സിബിഐ എടുത്തിട്ടുണ്ടെന്ന് സിസോഡിയ പറഞ്ഞു.
ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്രമന്ത്രി ജയ്റ്റിലി അസ്വസ്ഥനാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ജയ്റ്റിലി 'അസംബന്ധം' എന്ന് വിശേഷിപ്പിച്ച് ആരോപണം തള്ളി. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ സിബിഐ നടത്തുന്ന റെയ്ഡിന്റെ ചിത്രവും കെജ്‌രിവാള്‍ പുറത്തുവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രി ന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെതിരേയുള്ള അഴിമതി ആരോപണത്തെ തുടര്‍ന്നു ശനിയാഴ്ച സിബിഐ നടത്തിയ റെയ്ഡ് ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരിന് ശക്തി കൂട്ടിയിരുന്നു. കെജ്‌രിവാളിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി രാജ്യസഭയിലും ഇക്കാര്യം പറഞ്ഞു.
Next Story

RELATED STORIES

Share it