ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സിബിഐ റെയ്ഡ്; കെജ്‌രിവാളിന്റെ ഓഫിസ് അടച്ച് മുദ്രവച്ചു  

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസില്‍ സിബിഐ റെയ്ഡ്. മുന്നറിയിപ്പില്ലാതെ ഇന്നലെ രാവിലെ 9 മണിയോടെയാണ് ഡല്‍ഹി സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിലുള്ള ഓഫിസില്‍ സിബിഐ സംഘം പരിശോധന നടത്തിയത്. ശേഷം ഓഫിസ് അടച്ച് മുദ്രവച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമുള്ള ഓഫിസും വീടും അടക്കം 13 സ്ഥലങ്ങള്‍ കൂടി സിബിഐ പരിശോധിച്ചു.
രജീന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയും നാലു ലക്ഷം ഇന്ത്യന്‍ രൂപയും കണ്ടെത്തിയതായി സിബിഐ അറിയിച്ചു. രജീന്ദ്രകുമാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണവിധേയനായ ജി കെ നന്ദയുടെ വീട്ടില്‍ നിന്ന് 13 ലക്ഷം രൂപ പിടിച്ചെടുത്തതായും സിബിഐ പറഞ്ഞു. സിബിഐയുടെ പരിശോധനയും ഓഫിസ് മുദ്രവച്ചതും കെജ്‌രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എഎപിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് രജീന്ദ്രകുമാര്‍. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ആശിഷ് ജോഷി എന്നയാള്‍ നല്‍കിയ പരാതിയിലാണ് രജീന്ദ്രകുമാറിനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസ് റെയ്ഡ് ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു സിബിഐ വക്താവ് ദേവ്പ്രീത് സിങ് പിന്നീട് വ്യക്തമാക്കി. തങ്ങളുടെ അന്വേഷണത്തിനു തടസ്സമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ കമ്പനിക്ക് അനുകൂലമായി രജീന്ദ്രകുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്‌ഡെന്ന് സിബിഐ പറഞ്ഞു. സിബിഐ നുണ പറയുകയാണെന്ന് എഎപി നേതാവ് അശുതോഷ് ആരോപിച്ചു. ഡല്‍ഹി സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രജീന്ദ്രകുമാറിന്റെയും കെജ്‌രിവാളിന്റെയും ഓഫിസ് അടുത്തടുത്താണ്. ഈ ഭാഗത്തേക്കുള്ള പ്രവേശനവും സിബിഐ തടഞ്ഞതായും എഎപി ആരോപിച്ചു. കെജ്‌രിവാളിന്റെ ഓഫിസില്‍ സിബിഐ റെയ്ഡ് നടത്തിയിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടാല്‍ ഏതു ഫയലും ഹാജരാക്കാമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭീരുത്വമാണ് റെയ്ഡിലൂടെ വ്യക്തമായത്. മോദിക്ക് മനോരോഗമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it