ഡല്‍ഹി: നിര്‍ധനര്‍ക്ക് സൗജന്യ ചികില്‍സ നല്‍കിയില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് 700 കോടി പിഴ

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: നിര്‍ധനരായ രോഗികള്‍ക്കു ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പിഴ ചുമത്തി. ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട്, ധര്‍മശില ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്റര്‍, ശാന്തി മുകുന്ദ് ഹോസ്പിറ്റല്‍ എന്നിവയ്ക്കാണ് 700 കോടിയോളം രൂപ പിഴ ചുമത്തിയത്.
ഡല്‍ഹിയിലെ ദുര്‍ബല സാമൂഹിക വിഭാഗങ്ങള്‍ക്കു വേണ്ടി നിലവിലുള്ള നിയമമനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. സ്വകാര്യ ആശുപത്രികള്‍ക്ക് സബ്‌സിഡിയോടു കൂടി ഭൂമി നല്‍കണമെങ്കില്‍ അവിടെ ചികില്‍സയ്‌ക്കെത്തുന്ന 10 ശതമാനം രോഗികള്‍ ദരിദ്രരായിരിക്കണമെന്നും അവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്നുമാണ് ഡല്‍ഹിയിലെ നിയമം. കൂടാതെ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ ലഭിക്കുന്ന 25 ശതമാനം പേരും ഇങ്ങനെ സൗജന്യചികില്‍സ ലഭിക്കുന്ന ദരിദ്രരായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. മാത്രമല്ല ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അശുപത്രികള്‍ക്ക് രോഗികളെ ഇവിടേക്ക് റഫര്‍ ചെയ്യാനും അധികാരമുണ്ട്. നിര്‍ധന രോഗികള്‍ക്കു മാറ്റിവച്ച സൗകര്യങ്ങളില്‍ കൃത്രിമം കാട്ടിയതിന് 2007ലെ ഡല്‍ഹി ഹൈക്കോടതി വിധി ഉപയോഗിച്ചാണ് പിഴ ചുമത്തിയത്. ഈ ആശുപത്രികള്‍ സബ്‌സിഡി നിരക്കില്‍ ഭൂമി സ്വന്തമാക്കിയിരുന്നു. ആശുപത്രികളില്‍ നിന്നു പിരിച്ചെടുക്കുന്ന തുക സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രികള്‍ ദരിദ്ര രോഗികള്‍ക്കു നല്‍കിയ സേവനവുമായി ബന്ധപ്പെട്ട് നടത്തിയ ഓഡിറ്റിങിനു ശേഷമാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ വാദം കേള്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. പിഴയടയ്ക്കാന്‍ ഒരു മാസത്തെ സമയമനുവദിച്ചു.
Next Story

RELATED STORIES

Share it