ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി; ബിജെപിക്കെതിരേ വീണ്ടും കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടതിന് പാര്‍ട്ടിയില്‍ നിന്നു മാറ്റിനിര്‍ത്തിയ ബിജെപി എംപി കീര്‍ത്തി ആസാദ് വീണ്ടും പാര്‍ട്ടിക്കെതിരേ. താന്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. എന്നാല്‍, ഡിഡിസിഎ അഴിമതിക്ക് ഉത്തരവാദിയായ ആളെ പുറത്തുകൊണ്ടുവരും. അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎ തലവനായിരുന്ന സമയത്തു തന്നെ അഴിമതി സംബന്ധിച്ച നിരവധി കാര്യങ്ങള്‍ താന്‍ പുറത്തുകൊണ്ടുവന്നിരുന്നു. പക്ഷേ, ആരും അതു കാര്യമാക്കിയില്ല. ബിജെപിയില്‍ നിന്നു പുറത്താക്കിയ തന്നെ കോണ്‍ഗ്രസ് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആവശ്യപ്പെട്ടിട്ടല്ല താന്‍ ഡിഡിസിഎ അഴിമതി വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. സ്പീക്കറുടെ അനുമതി പ്രകാരമാണ് താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചത്. അഴിമതി സംബന്ധിച്ച മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ വെളിപ്പെടുത്തിയ കമ്പനികളുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ തനിക്കു കാണിച്ചുതരുമോയെന്നും കീര്‍ത്തി ചോദിച്ചു. അഴിമതി പുറത്തുകൊണ്ടു വന്നതിന്റെ പേരില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതു ന്യായീകരിക്കാനാവില്ല. തന്നെ ആക്ഷേപിക്കുന്നതിനു പകരം താന്‍ പുറത്തുപറഞ്ഞ ആരോപണങ്ങളോട് പ്രതികരിക്കുകയാണു വേണ്ടത്. വര്‍ഷങ്ങളായി ബിജെപിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ തനിക്കെതിരായി നടക്കുന്ന അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാര്‍ട്ടിയിലെ അസൂയക്കാരുടെതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ ഒന്നും ചെയ്തിട്ടില്ല. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്നാണ് തനിക്ക് പാര്‍ട്ടി നേതാക്കളോടും വക്താക്കളോടും പറയാനുള്ളത്. ഇത് അഴിമതിയുമായി ബന്ധപ്പെട്ട വിഷയമാണ്. അല്ലാതെ അരുണ്‍ ജെയ്റ്റ്‌ലിയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഡിസിഎ ഡയറക്ടര്‍മാരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അഴിമതിയില്‍ പങ്കുണ്ട്. രാജീവ് ശുക്ല, നവീന്‍ ജിന്‍ഡാല്‍, അര്‍വിന്ദര്‍ സിങ് ലൗലി എന്നിവരെല്ലാം കോണ്‍ഗ്രസ് നിയോഗിച്ച ഡയറക്ടര്‍മാരായിരുന്നു. ഇതിനാലാണ് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാതിരുന്നത്.
ഗുരുതരമായ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന (എസ്എഫ്‌ഐഒ) ഏജന്‍സി തെളിവെടുപ്പിനായി ഡിഡിസിഎയോട് നിരവധി രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏതാനും രേഖകള്‍ മാത്രമാണ് തങ്ങള്‍ക്കു ലഭിച്ചതെന്നാണ് അവരുടെ റിപോര്‍ട്ടില്‍ പറയുന്നതെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. താന്‍ ഈ വിഷയത്തില്‍ വ്യക്തിപരമായ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തനിക്കു ലഭിച്ച വിവരങ്ങള്‍ സിബിഐക്കു കൈമാറും. ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന് തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണ്. അവര്‍ വിളിച്ചാല്‍ താന്‍ തീര്‍ച്ചയായും പോവും. ഇത് സ്വകാര്യ കമ്മീഷന്‍ അല്ലെന്നും സര്‍ക്കാര്‍ കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന് കീര്‍ത്തി ആസാദ് ആവര്‍ത്തിച്ചു. ബിഹാറിലെ ദര്‍ബങ്കയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഇതു മൂന്നാം തവണയാണ് മുന്‍ ദേശീയ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it