ഡല്‍ഹി ഗതാഗത നിയന്ത്രണം; പ്രത്യേക ബസ് ഉപയോഗിച്ചത് ഏതാനും എംപിമാര്‍ മാത്രം

ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട നമ്പറടിസ്ഥാനത്തിലുള്ള ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ബസ് സൗകര്യം ഉപയോഗിച്ചത് ഏതാനും എംപിമാര്‍ മാത്രം. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ എംപിമാര്‍ക്കുവേണ്ടി ആറ് എയര്‍കണ്ടീഷന്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തിയത്. ഒറ്റ-ഇരട്ട നിയന്ത്രണം പാലിക്കാനും സര്‍ക്കാര്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.
രാവിലെ ഒമ്പതിനും 11നും ഇടയ്ക്കും വൈകീട്ട് 5.30നും എട്ടിനുമിടയ്ക്കുമാണ് സ്‌പെഷ്യല്‍ ബസ്സുകള്‍ ഓടിയത്. ബിജെപി എംപിമാരായ രഞ്ജന്‍ ഭട്ട്, ഹരി ഓം സിങ് റാത്തോഡ് എന്നിവര്‍ ഈ ബസ്സുകളിലാണ് ഇന്നലെ രാവിലെ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. എന്നാല്‍ ബിജെപി എംപിയായ പരേഷ് റാവല്‍ ഒറ്റ അക്ക നമ്പറുള്ള കാറില്‍ സഞ്ചരിച്ച് നിയമം ലംഘിച്ചു.
പിന്നീടദ്ദേഹം ട്വിറ്ററിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഖേദംപ്രകടിപ്പിക്കുകയും പിഴയൊടുക്കിയ രശീതി കാണിക്കുകയും ചെയ്തു. അതിനിടെ, ലോക്‌സഭയില്‍ ഡല്‍ഹിയിലെ ഗതാഗത നിയന്ത്രണത്തിനെതിരേ ചില അംഗങ്ങള്‍ പ്രതിഷേധിച്ചു. ശൂന്യവേളയില്‍ രാജേഷ് രഞ്ജന്‍ എന്ന പപ്പുയാദവാണ് ഈ ഗതാഗത നിയന്ത്രണത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചത്.
സിഎന്‍ജി കമ്പനികള്‍ക്കു വേണ്ടിയാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും കെജ്‌രിവാളിന്റെ വിലകുറഞ്ഞ പ്രചാരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, മനപ്പൂര്‍വം നിയന്ത്രണം ലംഘിക്കുന്ന എംപിമാര്‍ക്കെതിരേ പിഴ ചുമത്തുമെന്ന് ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. എംപിമാര്‍ അടക്കമുള്ള എല്ലാവര്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it