ഡല്‍ഹി കൂട്ടമാനഭംഗക്കേസ; പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ വിട്ടയക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ ശിക്ഷാ കാലാവധി തികയ്ക്കും മുമ്പ് വിട്ടയക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചന തുടങ്ങി. പ്രതിക്കെതിരേ ആക്രമണമുണ്ടായേക്കാമെന്ന ആശങ്ക മുന്‍ നിറുത്തിയാണ് കാലാവധിക്ക് മുമ്പെ വിട്ടയക്കാന്‍ ആലോചിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, കാലാവധിക്ക് മുമ്പ് വിട്ടയക്കണമെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടേണ്ടിവരും. 2012 ഡിസംബര്‍ 16ന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ ഇദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ നല്ല നടപ്പിനുള്ള ശിക്ഷയാണ് ലഭിച്ചത്. അടുത്തമാസം 15നാണ് ഇയാളുടെ നല്ലനടപ്പിനുള്ള ശിക്ഷാ കാലാവധി അവസാനിക്കുന്നത്. ഇതിന് ഒരാഴ്ച മുമ്പെങ്കിലും വിട്ടയക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഭവം നടക്കുമ്പോള്‍ 18 തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ 20 വയസ്സുണ്ട്.

ഡല്‍ഹിയിലെ മജ്‌നു കി താലയിലെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ പാര്‍പ്പിച്ചിട്ടുള്ള ഇദ്ദേഹത്തെ യുപിയിലെ ബദായുവിലുള്ള മാതാവിനായിരിക്കും കൈമാറുക. 20,000 രൂപയും നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ മാറ്റി പാര്‍പ്പിക്കും. അതേസമയം, 2011ലെ ഡല്‍ഹി ഹൈക്കോടതി സ്‌ഫോടന കേസില്‍ ശിക്ഷ അനുഭവിക്കുന്ന കുട്ടിക്കുറ്റവാളിക്കൊപ്പമാണ് കൂട്ട മാനഭംഗക്കേസിലെ പ്രതിയെയും ഒരു വര്‍ഷത്തോളം പാര്‍പ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ, കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ അന്വേഷണം നടത്തുകയും ഇരുവരെയും മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കൂടാതെ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it