ഡല്‍ഹി അക്ബര്‍ റോഡിന്റെ പേര് മാറ്റാന്‍ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഔറംഗസീബ് റോഡിന്റെ പേര് മാറ്റിയതിനു പിന്നാലെ അക്ബര്‍ റോഡിന്റെ പേരും മാറ്റാന്‍ നീക്കം. ഇക്കാര്യമാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി കെ സിങ് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനു കത്തയച്ചു. ഈ റോഡ് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാണ് വി കെ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
15ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ മേവാര്‍ ഭരിച്ചിരുന്ന രജപുത്ര രാജാവാണ് മഹാറാണാപ്രതാപ്. ല്യൂട്ടന്‍സ് ഡല്‍ഹിയില പ്രമുഖ റോഡുകളിലൊന്നായ അക്ബര്‍ റോഡ് നിരവധി പ്രമുഖരുടെ മേല്‍വിലാസത്തിന്റെ ഭാഗമാണ്. അക്ബര്‍ റോഡിലെ 24ാം നമ്പര്‍ കെട്ടിടത്തിലാണ് കോണ്‍ഗ്രസ് ആസ്ഥാനമുള്ളത്. മഹാറാണാപ്രതാപ്, ഛത്രപതി ശിവജി തുടങ്ങിയവര്‍ ഇതുവരെ ലഭിച്ചതിനെക്കാളും അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്ന് വി കെ സിങ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി തലമുറകള്‍ക്കു പ്രചോദനം നല്‍കുന്ന രാജാവാണ് മഹാറാണാപ്രതാപ്. മതേതരവാദിയായിരുന്നു അദ്ദേഹം. പത്താനുകള്‍, ഭില്ലുകള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സൈന്യത്തിലുണ്ടായിരുന്നു. മുഗളന്‍മാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ വൈശ്യ സമുദായവും അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നും സിങ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഔറംഗസീബ് റോഡ് എ പി ജെ അബ്ദുല്‍കലാം റോഡായാണ് പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ അത് തങ്ങള്‍ എടുത്ത തീരുമാനമായിരുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരമായിരുന്നെന്നും നഗരവികസന മന്ത്രാലയം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അക്ബര്‍ റോഡിന്റെ പേരു മാറ്റുന്നതു സംബന്ധിച്ച് എന്തെങ്കിലും ശുപാര്‍ശ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എന്‍ഡിഎംസി അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it