ഡല്‍ഹിയില്‍ വാഹന രജിസ്‌ട്രേഷന് മാര്‍ച്ച് 31 വരെ നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ആഡംബര ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രിംകോടതി നിരോധനം ഏര്‍പ്പെടുത്തി. 2016 മാര്‍ച്ച് 31 വരെ 2000 സിസിക്കു മുകളിലുള്ള ആഡംബര ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ടയോട്ടയുടെ ഇന്നോവ, മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, ടാറ്റാ സഫാരി, സുമോ എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാവും. എന്നാല്‍, നിലവിലുള്ള ഡീസല്‍ കാറുകള്‍ക്ക് സര്‍വീസ് നടത്താം.
2005നു മുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ക്ക് നഗരത്തില്‍ പ്രവേശിപ്പിക്കുന്നതിന് നിരോധനമുണ്ട്. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കുള്ള പരിസ്ഥിതി സെസ് 100 ശതമാനം വര്‍ധിപ്പിച്ചു. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ദേശീയ പാത ഒന്ന്, എട്ട് എന്നിവയില്‍ പ്രവേശിക്കുന്നതു നിരോധിച്ചിട്ടുണ്ട്. ഒല, ഉബര്‍ അടക്കമുള്ള എല്ലാ ടാക്‌സികളും മാര്‍ച്ച് 31ഓടെ ഡീസലില്‍നിന്ന് ഗ്യാസിലേക്ക്(സിഎന്‍ജി) മാറണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. രാജ്യതലസ്ഥാനത്തെ വായു മലിനീകരണകരണം അടക്കമുള്ള എല്ലാ മലിനീകരണവും അപമാനകരമാണെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
രാജ്യമൊട്ടുക്കും ഡീസല്‍ കാറുകള്‍ ിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് ഗുപ്ത എന്ന ആള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ഡല്‍ഹിയില മറ്റ് മലിനീകരണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രിംകോടതി വാദം കേട്ടു. ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്ന് ഹരിത ട്രൈബ്യൂണലും വ്യക്തമാക്കിയിരുന്നു. വകുപ്പുകള്‍ക്കു വേണ്ടി ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it