ഡല്‍ഹിയില്‍ രണ്ടു കുട്ടികള്‍ക്കു നേരെ ലൈംഗിക പീഡനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി കൊച്ചുകുട്ടികള്‍ കൂട്ടബലാല്‍സംഗത്തിനിരയായി. രണ്ടരയും അഞ്ചും വയസ്സ് മാത്രമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. രണ്ടര വയസ്സുള്ള കുട്ടിയെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നാഗ്ലോയി പ്രദേശത്തു നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. അടുത്തുള്ള പാര്‍ക്കില്‍ അബോധാവസ്ഥയിലായ കുട്ടിയെ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. അമിതമായി രക്തം വാര്‍ന്ന നിലയിലായ കുട്ടിയെ ഉടന്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചു.

ലൈംഗിക പീഡനത്തിനു പുറമേ ശാരീരിക പീഡനം ഏറ്റതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  രണ്ടു പേര്‍ മോട്ടോര്‍ ബൈക്കിലെത്തി കുട്ടിയെ എടുക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് അഞ്ചു വയസ്സുകാരി പീഡനത്തിനിരയായത്.

കുട്ടിയുടെ അയല്‍ക്കാരന്‍ അടക്കമുള്ള മൂന്നു പേരാണ് കൂട്ടമാനഭംഗം ചെയ്തത്. പെണ്‍കുട്ടിയെ അയല്‍വാസി അയാളുടെ വീട്ടിലേക്കു വിളിപ്പിച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. അടുത്തുള്ള വീട്ടില്‍ നിന്നു നിലവിളിച്ച് ഇറങ്ങിവരുന്ന കുട്ടിയെ കണ്ട മറ്റൊരു അയല്‍വാസിയാണ് വിവരം പോലിസിനെ അറിയിച്ചത്. മൂന്നു പേരെയും പോലിസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയില്‍ രണ്ടു കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിട്ടുണ്ട്.

അതേസമയം, സംഭവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു വീണ്ടും അരങ്ങൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണറും എന്താണ് ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും തുടര്‍ച്ചയായി ലൈംഗിക പീഡനങ്ങള്‍ ഉണ്ടാകുന്നത് വലിയ നാണക്കേടും സങ്കടവുമുണ്ടാക്കുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

സുരക്ഷ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ ഡല്‍ഹി പോലിസിന്റെ അധികാരം സംസ്ഥാനത്തിനു വിട്ടുനല്‍കാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള നോയിഡയില്‍ ദിവസങ്ങളായി മൂന്നു പേര്‍ കൂട്ടമാനഭംഗം ചെയ്തതായി പരാതി നല്‍കിയ 17കാരി ആത്മഹത്യ ചെയ്തു.
Next Story

RELATED STORIES

Share it