ഡല്‍ഹിയില്‍ മന്ത്രിമാരും എംഎല്‍എമാരും ശുചിത്വ യജ്ഞത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിമാരും എംഎല്‍എമാരും ചൂലുമേന്തി ശുചീകരണത്തിനിറങ്ങി. ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചുദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരും എംഎല്‍എമാരും തങ്ങളുടെ മണ്ഡലത്തില്‍ ശുചീകരണയജ്ഞവുമായി ഇറങ്ങിയത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള ഫണ്ട് ഇതിനകം കോര്‍പറേഷനുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ജനങ്ങളെ അനുവദിച്ചുകൂടെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.
വിനോദസഞ്ചാരവകുപ്പ് മന്ത്രി കപില്‍ മിശ്ര, പൊതുമരാമത്ത് മന്ത്രി സത്യേന്ദ്രജയിന്‍, സ്പീക്കര്‍ റാം നിവാസ് ഗോയല്‍ എന്നിവരും അവരവരുടെ മണ്ഡലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊതുമരാമത്ത് വകുപ്പിലെ നൂറുകണക്കിന് ജീവനക്കാരെയും ശുചീകരണ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. രണ്ടായിരത്തിലധികം ജലബോര്‍ഡ് തൊഴിലാളികളും ശുചീകരണരംഗത്തുണ്ട്. മുഴുവന്‍ സമയവും പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കെടുക്കുമെന്നും അവരെ സഹായിക്കാന്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
എന്നാല്‍, ശുചീകരണത്തിന്ന് പൊതുമരാമത്ത് തൊഴിലാളികളെ നിയമിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്നും സമരം ചെയ്യുന്ന തൊഴിലാളികളുടെ നേതാവ് രാജേന്ദ്ര മേവതി പറഞ്ഞു. ജനങ്ങളെ ആംആദ്മി -ബിജെപി സര്‍ക്കാരുകള്‍ വിഡ്ഢികളാക്കുകയാണെന്ന് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ച് എഎപി സര്‍ക്കാര്‍ വിശാലമനസ്‌കത കാണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യണമെന്നും ശമ്പള കുടിശ്ശിക അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഈ മാസം 27 മുതലാണ് അറുപതിനായിരത്തോളം ശുചീകരണ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. ഡല്‍ഹിയില്‍ മുനിസിപ്പാലിറ്റികളിലെ ഭരണം ബിജെപിക്കാണ്.
Next Story

RELATED STORIES

Share it