ഡല്‍ഹിയില്‍ കശ്മീര്‍ എംഎല്‍എ എന്‍ജിനീയര്‍ റാഷിദിനു നേരെ കരിമഷി ആക്രമണം

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ നിയമസഭാംഗം എന്‍ജിനീയര്‍ അബ്ദുല്‍ റാഷിദിനു നേരെ ഡല്‍ഹിയില്‍ കരിമഷി ആക്രമണം. ഹിന്ദു സേനാ പ്രവര്‍ത്തകരാണ് ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ റാഷിദിനു നേരെ അക്രമം നടത്തിയത്. ജമ്മുവില്‍ മാട്ടിറച്ചി വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധതത്തിനിടെ ഹിന്ദുത്വര്‍ നടത്തിയ പെട്രോള്‍ബോംബ് ആക്രമണത്തില്‍ കശ്മീര്‍ അനന്ത്‌നാഗ് സ്വദേശി സാഹിദ് റസൂല്‍ ഭട്ട് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റാഷിദ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ആക്രമണത്തില്‍ നിന്നു റാഷിദിനെ രക്ഷിക്കാന്‍ ശ്രമിച്ച ചില മാധ്യമപ്രവര്‍ത്തകരുടെയും പോലിസുകാരുടെയും ദേഹത്തും വസ്ത്രത്തിലും മഷി പുരണ്ടു. 'ഗോമാതാവിനെതിരായ ഒരു അവഹേളനവും ഇന്ത്യ സഹിക്കില്ലെ'ന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. തന്നെ ആക്രമിച്ചവര്‍ മനോരോഗികളാണെന്ന് എംഎല്‍എ പ്രതികരിച്ചു. തനിക്കെതിരായ ആക്രമണം ലോകം കാണണമെന്നും ഇങ്ങനെയാണ് കശ്മീരികളുടെ വായ മൂടിക്കെട്ടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആക്രമണത്തെ ന്യായീകരിക്കുന്ന  പ്രസ്താവനയുമായി ബിജെപി രംഗത്തെത്തി. അബ്ദുല്‍ റാഷിദിന് ബീഫ് പാര്‍ട്ടി നടത്താമെങ്കില്‍ അദ്ദേഹത്തിനു നേര്‍ക്കും എന്തും സംഭവിക്കാമെന്നായിരുന്നു ബിജെപി എംഎല്‍എ ഗഗന്‍ ഭഗതിന്റെ പ്രതികരണം. കശ്മീരില്‍ ബീഫിനു നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ജമ്മു-കശ്മീര്‍ നിയമസഭാ ഹോസ്റ്റലില്‍ റാഷിദ് ബീഫ് സല്‍ക്കാരം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ജമ്മു-കശ്മീര്‍ നിയമസഭയില്‍ വച്ച് ബിജെപി എംഎല്‍എമാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നു. താന്‍ ബീഫോ ആട്ടിറച്ചിയോ കഴിക്കാറില്ലെന്നും എന്നാല്‍, ജനങ്ങളുടെ മതവിശ്വാസങ്ങളില്‍ ഇടപെടരുതെന്ന് അധികാരികളോട് വ്യക്തമാക്കാനുള്ള പ്രതിഷേധമായാണ് ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും റാഷിദ് ഇന്നലെ പറഞ്ഞു. ഉദ്ദംപൂര്‍ ആക്രമണത്തില്‍ കശ്മീരി കൊല്ലപ്പെട്ട സംഭവത്തില്‍ നരേന്ദ്ര മോദി മാപ്പു പറയണമെന്ന് റാഷിദും ഇരയുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികില്‍സയിലായിരുന്ന  സാഹിദ്  ഭട്ട് ഞായറാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. ദിവസങ്ങള്‍ക്കു മുമ്പാണ് മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ മുന്‍ ബിജെപി സഹയാത്രികന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ ശിവസേനാ പ്രവര്‍ത്തകര്‍ കരിമഷി ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it