Flash News

ഡല്‍ഹിയില്‍ ആര്‍എസ്എസ് സംഘടനകള്‍ക്ക് ഭൂമി ദാനത്തിന് നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ഭൂമി ആര്‍എസ്എസ് അനുകൂല സംഘടനകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് റദ്ദാക്കിയ ഭൂമി ദാനമാണ് മോദി സര്‍ക്കാര്‍ വീണ്ടും നടപ്പാക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് ആര്‍എസ്എസിന്റെ 29 പോഷക സംഘടനകളില്‍ 12 സംഘടനകള്‍ക്ക് ഡല്‍ഹിയിലെ സുപ്രധാന ഭാഗങ്ങളില്‍ ഭൂമി നല്‍കാന്‍ നടപടി തുടങ്ങിയത്. മുഖര്‍ജി സ്മൃതിന്യാസ്, വിശ്വസംവാദ് കേന്ദ്ര, ധര്‍മയാത്ര മഹാസംഘ്, അഖിലഭാരതീയ വനവാസി കല്യാണ്‍ ആശ്രം തുടങ്ങിയവയായിരുന്നു ഈ സംഘടനകളില്‍ ചിലത്. [related]
2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ നിയോഗിച്ച യോഗേഷ് ചന്ദ്ര കമ്മീഷന്‍ വാജ്‌പേയി സര്‍ക്കാറിന്റെ 32 ഭൂമി ദാനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്ന് 29 അലോട്ട്‌മെന്റുകള്‍ റദ്ദാക്കുകയും ചെയ്തു. യുപിഎ സര്‍ക്കാറിന്റെ ഈ നടപടി റദ്ദാക്കി ഭൂമി നല്‍കാനാണ് മോദി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യുപിഎ സര്‍ക്കാറിന്റെ നടപടികള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമൂഹിക മതസംഘടനകളെ പരിഗണിക്കാത്ത നിലപാടായിരുന്നു യുപിഎ സര്‍ക്കാറിനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഐഎഎസ് ഉദ്യോഗസ്ഥനായ എല്‍ കെ ജോഷി, ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ആര്‍ നാരായണ്‍സ്വാമി എന്നിവരടങ്ങുന്ന സമിതി നഗരവികസന മന്ത്രാലയത്തിന് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഈ സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നത് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന. ഭൂമി നല്‍കുന്നത് റദ്ദാക്കിയതിനെത്തുടര്‍ന്ന് സംഘപരിവാര സംഘടനകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് ഇപ്പോഴുമുണ്ട്. ഭൂമി റദ്ദാക്കിയ നടപടി തിരുത്തിയ ശേഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് നഗരവികസന മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭൂമി വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ സംഘടനകള്‍ നഗരവികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it