ഡല്‍ഹിയിലെ വായു മലിനീകരണം: സര്‍ക്കാര്‍ കടുത്ത നടപടിക്ക്

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേ ഡല്‍ഹിയിലുള്ളവര്‍ ജീവിക്കുന്നത് ഗ്യാസ് ചേംബറിലാണെന്ന് തോന്നുന്നതായി ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി തുടങ്ങിയവരോട് മൂന്നാഴ്ചയ്ക്കകം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും കര്‍ശനമായി അവ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം, സ്വകാര്യവാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡിലിറക്കുക, തലസ്ഥാനത്തിന് സമീപത്തുള്ള രണ്ട് താപനിലയങ്ങള്‍ അടച്ചുപൂട്ടുക, യുപി ദാദ്രിയിലെ മറ്റൊരു നിലയം പൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുക, റോഡുകള്‍ക്കിരുവശവും മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്ന ജോലി ത്വരിതപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ മെട്രോ ട്രെയിനുകള്‍ പുറത്തിറക്കാനും സ്‌കൂള്‍ ബസ്സുകള്‍കൂടി ഉപയോഗിച്ച് പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇനിമുതല്‍ സ്വകാര്യ വാഹനങ്ങളെ ഒന്നിടവിട്ട ദിനങ്ങളില്‍ മാത്രമേ റോഡിലിറങ്ങാനനുവദിക്കൂ. ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്നവയെ മറ്റൊരു ദിവസവുമായേ റോഡിലിറങ്ങാനനുവദിക്കൂ. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയണ്ടാവും.
Next Story

RELATED STORIES

Share it