ഡയറി ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍: ക്ഷീര വിജ്ഞാനം ഇനി വിരല്‍ത്തുമ്പില്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: ദിവസേന കര്‍ഷകര്‍ ഒരുമിച്ചു കൂടുന്ന ക്ഷീര സഹകരണ സംഘങ്ങളിലൂടെ വിവരസാങ്കേതികവിദ്യ ഉപയോഗിച്ചു നൂതന ആശയങ്ങളും വിവരങ്ങളും കൈമാറുന്നതിനു ക്ഷീരവികസന വകുപ്പ് ഡയറി ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു.
പരമ്പരാഗതമായി സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കിയിരുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ എന്നിവയ്ക്ക് പകരം വിഷയാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ മാതൃകയില്‍ എഴുത്തുകളും ചിത്രങ്ങളും വീഡിയോയും വഴി വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാവും.
കിയോസ്‌കുകള്‍ മുഖേന പാലുല്‍പാദന, പശുപരിപാലന, പാല്‍ ഗുണനിലവാര വിവരങ്ങളും കാര്‍ഷിക, മൃഗസംരക്ഷണ സംബന്ധമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങിയ വീഡിയോയും ചിത്രങ്ങളുംലഭ്യമാക്കും. വഴികാട്ടികള്‍, നിയമങ്ങള്‍, മുന്നറിയിപ്പ് പോസ്റ്ററുകള്‍, നുറുങ്ങുകള്‍, മാതൃകകള്‍ തുടങ്ങിയവ മലയാളത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഒരു എടിഎം പ്രവര്‍ത്തിപ്പിക്കുന്നതുപോലെ കര്‍ഷകര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ ക്ഷീരകര്‍ഷകരുടെ പാല്‍ അളന്നതിന്റെയും പാല്‍ഗുണനിലവാരം, വില, തുടങ്ങിയ കര്‍ഷകനുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റല്‍ പാസ് ബുക്ക് വഴി കാണാനും കഴിയും. ഇതിനായി ഓരോ ക്ഷീരകര്‍ഷകനും പ്രത്യേക പിന്‍ നമ്പറുകള്‍ അനുവദിക്കും.
അവധിയില്ലാതെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതും കര്‍ഷകര്‍ ദിവസവും രണ്ടു നേരം ഒരുമിച്ചു കൂടുകയും ചെയ്യുന്ന ക്ഷീരസംഘങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതുവഴി വിവിധ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങളും പൊതു അറിയിപ്പുകളും ലഭ്യമാക്കി ഗ്രാമീണ വിജ്ഞാനദായക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ക്ഷീരവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയാണ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കിന്റെ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത്. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തിരഞ്ഞെടുത്ത നൂറോളം ക്ഷീരസംഘങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്.
Next Story

RELATED STORIES

Share it