ട്വന്റി ലോകകപ്പ് ക്രിക്കറ്റ് യോഗ്യത: ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശ് തുടങ്ങി

ധര്‍മശാല: ട്വന്റി ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മല്‍സരത്തില്‍ ബംഗ്ലാദേശിന് വിജയത്തുടക്കം. സമാപിച്ച ഏഷ്യാ കപ്പില്‍ റണ്ണേഴ്‌സപ്പായതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബംഗ്ലാദേശ് ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനെയാണ് പരാജയപ്പെടുത്തിയത്. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മല്‍സരത്തില്‍ എട്ട് റണ്‍സിനാണ് ബംഗ്ലാ കടവുകള്‍ വെന്നിക്കൊടി നാട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപണര്‍ തമീം ഇഖ്ബാലിന്റെ (83*) ഒറ്റയാള്‍ പോരാട്ട മികവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 153 റണ്‍സെടുത്തു. പുറത്താവാതെ 58 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഇഖ്ബാലിന്റെ ഇന്നിങ്‌സ്. സൗമ്യ സര്‍ക്കാരും സാബിര്‍ റഹ് മാനും 15 റണ്‍സ് വീതമെടുത്തു. ഹോളണ്ടിനു വേണ്ടി ടിം വാന്‍ഡര്‍ ഗുങ്റ്റണ്‍ മൂന്നും പോള്‍ വാന്‍ മീക്കറെന്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയില്‍ ഹോളണ്ട് പൊരുതി നോക്കിയെങ്കിലും നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് വിക്കറ്റ് കൈയിലിരിക്കേ അവസാന ഓവറില്‍ 17 റണ്‍സാണ് ഹോളണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, മികച്ച ലൈനില്‍ പന്തെറിഞ്ഞ ടസ്‌കിന്‍ അഹ്മദ് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും കൈക്കലാക്കുകയായിരുന്നു.
ഹോളണ്ടിനു വേണ്ടി സ്റ്റീഫന്‍ മൈബര്‍ഗും ക്യാപ്റ്റന്‍ പീറ്റര്‍ ബോറനും 29 റണ്‍സ് വീതമെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മുദാസര്‍ ബുഖാരി അഞ്ച് പന്തില്‍ നിന്ന് ഓരോ വീതം സിക്‌സറിന്റെയും ബൗണ്ടറിയുടെയും അകമ്പടിയോടെ 14 റണ്‍സ് നേടി.
ബംഗ്ലാദേശിനു വേണ്ടി അല്‍ അമിന്‍ ഹുസെയ്‌നും സാക്വിബുല്‍ ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശ് താരം തമീമാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it