Flash News

ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ ഇന്‍ഡീസിന്റെ പുരുഷ, വനിതാ ടീമുകള്‍ക്ക് കിരീടം; കരീബിയന്‍ വിജയഗാഥ

കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റില്‍ കരീബിയന്‍ വിജയഗാഥ. ഇന്നലെ നടന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇരട്ട കിരീടം നേടിയാണ് കരീബിയന്‍ ദ്വീപുകാര്‍ വിജയഗാഥ രചിച്ചത്. പുരുഷ, വനിത ലോകകപ്പിലാണ് ഇന്നലെ വെസ്റ്റ് ഇന്‍ഡീസ് കിരീടമണിഞ്ഞത്.

പുരുഷന്‍മാരുടെ ട്വന്റി ക്രിക്കറ്റില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയാണ് വിന്‍ഡീസ് തറപ്പറ്റിച്ചത്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്. ട്വന്റിയില്‍ വിന്‍ഡീസിന്റെ രണ്ടാം കിരീട നേട്ടം കൂടിയാണിത്. നേരത്തെ 2012ലും വിന്‍ഡീസ് ട്വന്റി ലോക കിരീടം ഷെല്‍ഫിലെത്തിച്ചിരുന്നു. ഇതോടെ ട്വന്റിയില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീമെന്ന റെക്കോഡും വെസ്റ്റ് ഇന്‍ഡീസ് കൈക്കലാക്കി. ഒരുഘട്ടത്തില്‍ തോല്‍വി അഭിമുഖീകരിച്ച വിന്‍ഡീസ് തങ്ങള്‍ പോരാളികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചാണ് ചരിത്ര താളുകളിലേക്ക് വീണ്ടും കാല്‍ ചുവട്‌വച്ചത്.
അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിന്‍ഡീസിന്റെ വിജയലക്ഷ്യം. എന്നാല്‍, തുടര്‍ച്ചയായ നാലു പന്തുകളില്‍ ബെന്‍ സ്റ്റോക്‌സിനെ ഗാലറിയ്ക്കു മുകളിലേക്ക് അടിച്ചു പറത്തി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് വിന്‍ഡീസിന് അര്‍ഹിച്ച ജയം നേടിക്കൊടുക്കുകയായിരുന്നു. പുറത്താവാതെ 10 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 34 റണ്‍സാണ് ബ്രാത്‌വെയ്റ്റ് നേടിയത്. പുറത്താവാതെ 66 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 85 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ 23 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ജോ റൂട്ടിന്റേയും (54) ജോസ് ബട്ട്‌ലറിന്റേയും (36) നിര്‍ണായക ഇന്നിങ്‌സുകളാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒരുഘട്ടത്തില്‍ 11 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് സാമുവല്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ വിജയത്തിലേക്ക് മുന്നേറുകയായിരുന്നു. 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിന്‍ഡീസ് ലക്ഷ്യം മറികടന്നത്. 27 പന്തില്‍ ഓരോ വീതം സിക്‌സറും ബൗണ്ടറിയും നേടി ഡ്വയ്ന്‍ ബ്രാവോ 25 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലേ മൂന്നും ജോ റൂട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ 36 പന്തില്‍ ഏഴ് ബൗണ്ടറി അടിച്ചാണ് റൂട്ട് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. 22 പന്ത് നേരിട്ട ബട്ട്‌ലര്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും നേടി. ഡേവിഡ് വില്ലേ 21 (14 പന്ത്, രണ്ട് സിക്‌സര്‍, ഒരു ഫോര്‍), ബെന്‍ സ്‌റ്റോക്‌സ് 13, ക്രിസ് ജോര്‍ദന്‍ 12* എന്നിവരും ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിന്‍ഡീസിനു വേണ്ടി ബ്രാവോയും ബ്രാത്‌വെയ്റ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. സാമുവല്‍ ബദ്രീ രണ്ടും ആന്ദ്രെ റസ്സല്‍ ഒരു വിക്കറ്റും നേടി. സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി സീരീസ്.

സ്‌കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്
ജേസന്‍ റോയ് ബി ബദ്രീ 0, അലെക്‌സ് ഹെയ്ല്‍സ് സി ബദ്രീ ബി റസ്സല്‍ 1, ജോ റൂട്ട് സി ബെന്‍ ബി ബ്രാത് വെയ്റ്റ് 54, ഇയാന്‍ മോര്‍ഗന്‍ സി ഗെയ്ല്‍ ബി ബദ്രീ 5, ജോസ് ബട്ട്‌ലര്‍ സി ബ്രാവോ ബി ബ്രാത് വെയ്റ്റ് 36, ബെന്‍ സ്‌റ്റോക്‌സ് സി സിമോണ്‍സ് ബി ബ്രാവോ 13, മോയിന്‍ അലി സി രാംദിന്‍ ബി ബ്രാവോ 0, ക്രിസ് ജോര്‍ദന്‍ നോട്ടൗട്ട് 12, ഡേവിഡ് വില്ലേ സി ചാള്‍സ് ബി ബ്രാത് വെയ്റ്റ് 21, ലിയാം പ്ലാന്‍കെറ്റ് സി ബദ്രീ ബി ബ്രാവോ 4, ആദില്‍ റാഷിദ് നോട്ടൗട്ട് 4, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 5 വിക്കറ്റിന് 155.
വിക്കറ്റ് വീഴ്ച: 1-0 (റോയ്, 0.2 ഓവര്‍), 2-8 (ഹെയ്ല്‍സ്, 1.5), 3-23 (മോര്‍ഗന്‍, 4.4), 4-84 (ബട്ട്‌ലര്‍, 11.2), 5-110 (സ്‌റ്റോക്‌സ്, 13.4), 6-110 (അലി, 13.6), 7-111 (റൂട്ട്, 14.1), 8-136 (വില്ലേ, 17.3), 9-142 (പ്ലാന്‍കെറ്റ്, 18.3).
ബൗളിങ്: സാമുവല്‍ ബദ്രീ 4-1-16-2, ആന്ദ്രെ റസ്സല്‍ 4-0-21-1, സുലൈമാന്‍ ബെന്‍ 3-0-40-0, ഡ്വയ്ന്‍ ബ്രാവോ 4-0-37-3, കാര്‍ലോസ് ബ്രാത് വെയ്റ്റ് 4-0-23-3, ഡാരന്‍ സമ്മി 1-0-14-0.
വെസ്റ്റ ഇന്‍ഡീസ്
ജോണ്‍സന്‍ ചാള്‍സ് സി സ്‌റ്റോക്‌സ് ബി റൂട്ട് 1, ക്രിസ് ഗെയ്ല്‍ സി സ്‌റ്റോക്‌സ് ബി റൂട്ട് 4, മര്‍ലോണ്‍ സാമുവല്‍സ് നോട്ടൗട്ട് 85, ലെന്‍ഡി സിമോണ്‍സ് എല്‍ബിഡബ്ല്യു ബി വില്ലേ 0, ഡ്വയ്ന്‍ ബ്രാവോ സി റൂട്ട് ബി റാഷിദ് 25, ആന്ദ്രെ റസ്സല്‍ സി സ്‌റ്റോക്‌സ് ബി വില്ലേ 1, ഡാരന്‍ സമ്മി സി ഹെയ്ല്‍സ് ബി വില്ലേ 2, കാര്‍ലോസ് ബ്രാത് വെയ്റ്റ് നോട്ടൗട്ട് 34, എക്‌സ്ട്രാസ് 9, ആകെ 19.4 ഓവറില്‍ 6 വിക്കറ്റിന് 161.
വിക്കറ്റ് വീഴ്ച: 1-1 (ചാള്‍സ്, 1.1 ഓവര്‍), 2-5 (ഗെയ്ല്‍, 1.3), 3-11 (സിമോണ്‍സ്, 2.3), 4-86 (ബ്രാവോ, 13.6), 5-104 (റസ്സല്‍, 15.1), 6-107 (സമ്മി, 15.3).
ബൗളിങ്: ഡേവിഡ് വില്ലേ 4-0-20-3, ജോ റൂട്ട് 1-0-9-2, ക്രിസ് ജോര്‍ദന്‍ 4-0-36-0, ലിയാം പ്ലാന്‍കെറ്റ് 4-0-29-0, ആദില്‍ റാഷിദ് 4-0-23-1, ബെന്‍ സ്റ്റോക്‌സ് 2.4-0-41-0.
Next Story

RELATED STORIES

Share it