wayanad local

ട്രൈബല്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി പി കെ ജയലക്ഷ്മി

മാനന്തവാടി: പട്ടിക വര്‍ഗക്കാരുടെ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന ട്രൈബല്‍ സൊസൈറ്റികളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി പി കെ ജയലക്ഷ്മി. തവിഞ്ഞാല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച മാതൃകാ ഭവനങ്ങളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ട്രൈബല്‍ സൊസൈറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഏകദേശം 250 ഓളം വീടുകള്‍ ഇതിനകം നിര്‍മിച്ചതായും കോളനിയുമായി ബന്ധിപ്പിക്കുന്ന റോഡ് സംവിധാനം ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വാളാട് ടൗണില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയായി പണിയ വിഭാഗക്കാരേറെയുള്ള കുറ്റിവയല്‍ കോളനിയില്‍ 13 വീടുകളാണ് സ്‌നേഹ വീട് പദ്ധതി പ്രകാരം നടത്തുന്ന പട്ടിക വര്‍ഗ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയിലൂടെ അനുവദിച്ചത്. ഇതില്‍ 10 വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി ഒരു വീടിന് 3.35 ലക്ഷം എന്ന നിലയിലാണ് തുക ചെലവഴിച്ചത്.
തവിഞ്ഞാല്‍ പഞ്ചായത്തിലെ കുറ്റിവയല്‍, മോനിച്ചന്‍ കുന്ന്, മുണ്ടക്കോളി, അയിനിക്കല്‍, എടത്തില്‍, അമ്പലക്കുന്ന്, എടലക്കുനി, പുല്ലാറ, പുല്ലുറഞ്ഞി തുടങ്ങിയ കോളനികളിലായി 86 വീടുകളുടെ നിര്‍മാണമാണ് ട്രൈബല്‍ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ എ പ്രഭാകരന്‍, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഷജില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷബിത, വാര്‍ഡ് മെംബര്‍ വി കെ ശശികുമാര്‍, റ്റി ഇ ഒ ഗണേഷ് കുമാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ കെ എന്‍ നിശാന്ത് കൃഷ്ണന്‍, സി കെ വെള്ളന്‍, വി എ സുരേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it