malappuram local

ട്രെയിലര്‍ കാറിലിടിച്ച് അപകടം; നടുക്കം മാറാതെ പാലച്ചിറമാട്

കോട്ടക്കല്‍: ദേശീയപാതയില്‍ പാലച്ചിറമാട് വളവില്‍ കാറിനു മുകളിലേക്കു ട്രെയ്‌ലര്‍ മറിഞ്ഞു നാലുപേര്‍ അതിദാരുണമായി മരിച്ച വാര്‍ത്ത നാടിന്റെ നടുക്കമായി. സ്ഥിരം അപകട മേഖലയായ ഇവിടെ വീണ്ടും ദുരന്തമുണ്ടായതായ വാര്‍ത്ത കേട്ടാണ് ഗ്രാമം ഉണര്‍ന്നത്. മാഹി ചൊക്ലിയില്‍ നിന്നുള്ള എട്ടംഗസംഘം സഞ്ചരിച്ച ഇന്നോവ കാറിനു മുകളിലേക്കാണ് നിയന്ത്രണം തെറ്റിയ ട്രെയ്‌ലര്‍ ലോറി പതിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
പരിക്കേറ്റ നാലുപേരും കോട്ടക്കല്‍ മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ മരിച്ച ഒരാളെ ഗള്‍ഫിലേക്കു യാത്രയ്ക്കാന്‍ പുറപ്പെട്ടതായിരുന്നു കാറിലുണ്ടായിരുന്നവര്‍. കാര്‍ പാലച്ചിറമാട് വളവിലെത്തിയപ്പോള്‍ പിറകിലുണ്ടായിരുന്ന ട്രെയ്‌ലര്‍ നിയന്ത്രണംതെറ്റി കാറിനു പിറകിലിടിച്ച് കാബിന്‍ വേര്‍പ്പെട്ടു ട്രെയ്‌ലറിന്റെ പ്ലാറ്റ്‌ഫോം കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. ദുരന്തമുണ്ടായ ഉടനെ ട്രെയ്‌ലറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞു പി കെ ഫൈസലിന്റെ നേതൃത്വത്തിലുള്ള പാലച്ചിറമാട് 'സേവ്യേഴ്‌സ്' ടീമാണ് ആദ്യമെത്തിയത്. തുടര്‍ന്നു അപകടപരിധിയില്‍പ്പെടുന്ന കല്‍പകഞ്ചേരി പോലിസും കോട്ടയ്ക്കല്‍ പോലിസും ഹൈവേ പോലിസും ഏതാനും സമയത്തിനുള്ളില്‍ തിരൂര്‍ ഫയര്‍ഫോഴ്‌സും അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഭാരമേറിയ ട്രെയ്‌ലറിന്റെ പ്ലാറ്റ്‌ഫോം കാറിനു മുകളില്‍ നിന്നു നീക്കം ചെയ്തത് സാഹസികമായാണ്. ഇതുവഴിയെത്തിയ മറ്റു ലോറികളില്‍ നിന്നുള്ള വടങ്ങള്‍ ഉപയോഗിച്ചു നിരവധിപേര്‍ കാര്‍ വലിച്ചു നീക്കിയാണ് കാര്‍ നീക്കം ചെയ്തത്. തുടര്‍ന്നു കാറിന്റെ ഡോര്‍ വെട്ടിപൊളിച്ചു അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറിലേറെ സമയമെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു അലൂമിനിയം ഷീറ്റുകളുമായി പോവുകയായിരുന്ന ട്രെയ്‌ലറാണ് അപകടമുണ്ടാക്കിയത്. ഏഴു റോളുകളടങ്ങിയ അലുമിനിയം ഷീറ്റുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഒരു റോളിനു ആറു ടണ്ണോളം ഭാരം വരും.
Next Story

RELATED STORIES

Share it