thrissur local

ട്രെയിനുകളിലെ ഭക്ഷണ വിതരണം; ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാടെ അവഗണിക്കുന്നു

തൃശൂര്‍: ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാടെ അവഗണിച്ചുകൊണ്ടെന്ന് പരാതി. ഭക്ഷണം വാങ്ങി കഴിക്കാന്‍ അറപ്പു തോന്നുന്ന വിധമാണ് വിതരണം നടത്തുന്നതെന്ന് മിക്ക ട്രെയിനുകളിലേയും യാത്രക്കാര്‍ പറയുന്നു.
വൃത്തിഹീനമായ പാത്രങ്ങളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ മൂടി വയ്ക്കാതെയാണ് യാത്രക്കാര്‍ക്കു നല്‍കുന്നത്. കൈയുറയും തലപ്പാവും ധരിക്കാതെയാണ് ജീവനക്കാര്‍ കംപാര്‍ട്ട്‌മെന്റ് തോറും നടക്കുന്നത്. ചിലര്‍ കൈയുറയായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് പലഹാരങ്ങള്‍ നല്‍കി കഴിഞ്ഞ് ഇവ വൃത്തിയായി സൂക്ഷിക്കാറില്ല. ഇവ ഊരി മാറ്റാതെ തന്നെ സീറ്റുകളിലും കംപാര്‍ട്ടുമെന്റിലെ വാതിലുകളിലും പിടിച്ച് അടുത്ത ആളുടെ അടുത്തെത്തി വീണ്ടും വിതരണം തുടരും.
വട, പഴംപൊരി തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ പാത്രത്തിലാക്കി മൂടാതെ ചുമലില്‍വച്ച് നടന്നു പോകുമ്പോള്‍ തുറന്നിരിക്കുന്ന ഇവയിലും ചട്ണി പാത്രങ്ങളിലും ജീവനക്കാരുടെയും യാത്രക്കാരുടെയും തലമുടിയും ട്രെയിനിനുള്ളിലെയും പുറത്തെയും പൊടിയും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഈച്ചയും പ്രാണികളും വീഴുകയും ചെയ്യും. പലരും മുഷിഞ്ഞതും വിയര്‍പ്പു കുതിര്‍ന്നതുമായ വേഷം ധരിച്ചു കൊണ്ടാണ് ഭക്ഷണവും കൊണ്ടെത്തുക. യാത്രക്കാര്‍ ചോദ്യം ചെയ്താല്‍ ഇത്രയൊക്കെ സൗകര്യമേ തങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളു എന്നു പറഞ്ഞ് ഇവര്‍ സ്ഥലം വിടും.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടി ഉണ്ടാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പല പ്രധാന ട്രെയിനുകളിലും സീറ്റുകള്‍ കീറിയ നിലയിലാണ്. ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും പ്രയാസം. ശുചിമുറികളില്‍ റിഫ്രഷ്‌ന ര്‍ സംവിധാനം ഇല്ലാത്തതു െകാണ്ട് അസഹനീയമായ ദുര്‍ഗന്ധം എന്നിങ്ങനെ ട്രെയിന്‍ യാത്ര നരകയാത്രയാകുമ്പോള്‍ വിശന്നാല്‍ വൃത്തിയില്ലാത്ത ആഹാരം വാങ്ങി കഴിക്കേണ്ട ഗതികേടും യാത്രക്കാരെ വലയ്ക്കുന്നു.
Next Story

RELATED STORIES

Share it