Kottayam Local

ട്രിപ്പിള്‍ ഐടി നിര്‍മാണം വലവൂരില്‍ ആരംഭിച്ചു; ആദ്യ ഘട്ടത്തിന് 65 കോടി

പാലാ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ട്രിപ്പിള്‍ ഐടി)യുടെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍  പാലാ വലവൂരില്‍ ആരംഭിച്ചു. 53 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൈമാറിയിരുന്നു. കേന്ദ്രമാനവ വിഭവവികസന മന്ത്രാലയവും സംസ്ഥാനസര്‍ക്കാരും സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് സ്ഥാപിക്കുന്ന ഇരുപത് ട്രിപ്പിള്‍ ഐടി കളില്‍ ഒന്നാണ് വലവൂരില്‍ സ്ഥാപിക്കുന്നത്.
ജോസ് കെ മാണി എംപി യുടെ ശ്രമഫലമായാണ് കേരളത്തിന് ട്രിപ്പിള്‍ ഐടി അനുവദിക്കപ്പെട്ടത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ട്രിപ്പിള്‍ ഐടി നിര്‍വാഹകസമിതിയോഗം ആദ്യഘട്ടം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 65 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, വിദ്യര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉള്ള താമസ സൗകര്യം ഉള്‍പ്പെടെ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പ്രഥമഘട്ടത്തില്‍ ഉണ്ടാവുക. 18 മാസം കൊണ്ട് ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കാനാണ് സിപിഡബ്ല്യൂഡി യുടെ തീരുമാനം. ഇന്ന് വലവൂര്‍ കാംപസിലെ സൈറ്റ് ഓഫിസി ല്‍ ജോസ് കെ മാണി എംപി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കെ എം മാണി എംഎല്‍എ സിപിഡബ്ല്യൂഡിക്ക് നിര്‍മാണ ചുമതല കൈമാറി.
കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ കംപ്യൂട്ടര്‍ സയന്‍സില്‍ ഇപ്പോള്‍ നടത്തിവരുന്ന ബിടെക് കോഴ്‌സിന് പുറമേ ഇലക്‌ട്രോണിക്‌സില്‍ ബിടെക് കോഴ്‌സും ഇലക്‌ട്രോണിക്‌സിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനും ഉള്‍പ്പെടെ 720 വിദ്യാര്‍ഥികള്‍ക്ക് റസിഡന്‍ഷ്യ ല്‍ സമ്പ്രദായത്തില്‍ പ്രവേശനം ലഭിക്കും.
ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയായ ഐഐടിജെഇഇ മെയിനിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനടപടികള്‍. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലാണ് ഇപ്പോള്‍ താല്‍ക്കാലികമായി ക്ലാസ്സുകള്‍ നടത്തിവരുന്നത്. ആഗോളനിലവാരം പുലര്‍ത്തുന്ന ഹൈദരാബാദ് ട്രിപ്പിള്‍ ഐടി യുടെ പാഠ്യപദ്ധതി ആധാരമാക്കിയാണ് അധ്യാപനം നടത്തുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നടന്നുവരുന്ന ബിടെക് കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തി. ഫലപ്രഖ്യാപനം നടത്തുകയും രണ്ടാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണി, വ്യവസായ വിവരസാങ്കേതിക വകുപ്പ് മന്ത്രി  പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് 2016-17 ലെ സംസ്ഥാന ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ വിഹിതമായി അഞ്ച് കോടിരൂപ ട്രിപ്പിള്‍ ഐ ടിക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലായില്‍ ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫിസാണ് ട്രിപ്പിള്‍ ഐടി ക്കാവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുത്ത് കൈമാറിയത്.
വലവൂരില്‍ നടന്ന ട്രിപ്പിള്‍ ഐടി, റവന്യൂ, കേന്ദ്രപൊതുമരാമത്ത് വകുപ്പ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ വിഭാഗങ്ങളുടെ സംയുക്തഅവലോകനയോഗത്തില്‍ കെ എം മാണി എംഎല്‍എ, ജോസ് കെ മാണി എംപി, ഫിലിപ്പ് കുഴികുളം, സിപിഡബ്ല്യൂഡി ചീഫ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണപണിക്കര്‍, സീനിയര്‍ ആര്‍കിടെക്റ്റ് കെ ശ്രീനിവാസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരായ ബാലചന്ദ്രന്‍, സി ജി ഹുംനേ, എന്‍ഐടി ഡീന്‍ ഡോ.ചന്ദ്രാകര്‍, രജിസ്ട്രാര്‍ ഡോ.ബി സുകുമാര്‍, കോഡിനേറ്റര്‍ ഡോ.പ്രഭാകരന്‍നായര്‍, ട്രിപ്പിള്‍ ഐടി രജിസ്ട്രാര്‍ പ്രഫ. ജിമ്മി ജോസഫ് കാട്ടൂര്‍, ഡോ. റെനു ജോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it