kasaragod local

ട്രാഫിക് സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് ഒരു വര്‍ഷം പിന്നിടുന്നു: കാസര്‍കോട് നഗരത്തില്‍ ഗതാഗത കുരുക്ക് പതിവായി 

കാസര്‍കോട്: നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഗതാഗതകുരുക്ക് പതിവായി. പ്രസ് ക്ലബ്ബ് ജങ്ഷനില്‍ ഏതാനും വര്‍ഷം മുമ്പാണ് നഗരത്തിലെ ഏക ട്രാഫിക് സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചത്.
നാല്‍ക്കവലയായ ഇവിടെ വാഹനത്തിരക്ക് കാരണം അപകടം പതിവായതോടെയാണ് ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. നഗരത്തിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയുടെ സഹകരണത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചത്. അന്നത്തെ ജില്ലാ പോലിസ് മേധാവി വി പ്രകാശാണ് ഇതിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്.
ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിച്ചതോടെ ഇവിടെ അപകടങ്ങള്‍ കുറഞ്ഞു. സിഗ്‌നലിന് വേണ്ട വൈദ്യുതിയുടെ ബില്‍ അടച്ചിരുന്നതും വ്യാപാരി തന്നെയായിരുന്നു. നന്നായി പ്രവര്‍ത്തിച്ച സിഗ്‌നല്‍ പെട്ടന്നായിരുന്നു പ്രവര്‍ത്തനരഹിതമായത്.
ഇടയ്ക്ക് നന്നാക്കിയെങ്കിലും വീണ്ടും സിഗ്‌നല്‍ തകരാറിലായി. തിരുവനന്തപുരത്തെ കെല്‍ട്രോണ്‍ കമ്പനിയാണ് സിഗ്‌നല്‍ സ്ഥാപിച്ചത്. ഇതിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതും കെല്‍ട്രോണ്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ ഇതിന് തയ്യാറാകുന്നില്ലെന്ന് ട്രാഫിക് പോലിസ് പറഞ്ഞു. പ്രസ്‌ക്ലബ്ബ് ജങ്ഷനില്‍ നിന്ന് ചെമനാട് ഭാഗത്തേക്കും കാസര്‍കോട് ടൗണിലേക്കും പുതിയ ബസ് സ്റ്റാന്റിലേക്കും ആനവാതുക്കല്‍ ഭാഗത്തേക്കും ഒരേ സമയം വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ഇവിടെ അപകടം പതിവായിരുന്നു. എന്നാല്‍ ട്രാഫിക് സംവിധാനം വന്നതോടെ ഇതിന് പരിഹാരമായിരുന്നു. ഇപ്പോള്‍ ഒരു ഹോംഗാര്‍ഡാണ് ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നത്. ട്രാഫിക് പോലിസുകാരെ പോലും ഇവിടെ ഡ്യൂട്ടി നിയോഗിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നഗരത്തിലേക്ക് പ്രവേശിക്കുന്ന നൂറുകണക്കിന് വാഹനങ്ങളും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഒരേ ദിശയിലാവുന്നതിനാല്‍ അപകട നിലയിലാണ്.
താലൂക്ക് ഓഫിസിന് സമീപത്തെ ട്രാഫിക്ക് ജങ്ഷനില്‍ പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ ഏതാനും വിദ്യാര്‍ഥികള്‍ മുന്‍കൈയ്യെടുത്ത് ഇവിടെ ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇവിടെ പോലിസുകാരന്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നേരത്തെ. സിഗ്നല്‍ സംവിധാനം വന്നതോടെ പോലിസിന്റെ പണി കുറഞ്ഞിരുന്നു. ബാറ്ററി ചാര്‍ജില്‍ ഓട്ടോമാറ്റിക് സിസ്റ്റമായാണ് സിഗ്‌നല്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനുള്ള പണം വിദ്യാര്‍ഥികള്‍ തന്നെ സ്വരുപ്പിച്ച് നല്‍കി. മാസങ്ങളോളം സ്വന്തം കൈകളില്‍ നിന്ന് പണം ചെലവഴിച്ച് പ്രവര്‍ത്തിച്ചത് കാരണം വിദ്യാര്‍ഥികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. സിഗ്‌നലിന്റെ ബാധ്യത അധികൃതര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഇവിടെ സ്ഥാപിച്ച സിഗ്‌നലുകളും നോക്കുകുത്തിയായി.
നഗരത്തില്‍ വാഹനങ്ങള്‍ വര്‍ധിച്ചത് കാരണം രാവിലെയും വൈകീട്ടും ഗതാഗതകുരുക്ക് നിത്യസംഭവമാണ്. പ്രസ് ക്ലബ്ബ് ജങ്ഷനിലെ ട്രാഫിക്ക് സിഗ്‌നല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് യാത്രക്കാരും വാഹന ഉടമകളും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it