ട്രാഫിക് പോലിസ് സ്‌റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: എറണാകുളം ഇടപ്പള്ളി ട്രാഫിക് പോലിസ് സ്‌റ്റേഷനിലെ മേല്‍ക്കൂരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച യുവാവിന് 25 വയസ്സ് തോന്നിക്കും. അസം സ്വദേശിയെന്നു സംശയിക്കുന്ന ഇയാളെപ്പറ്റി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
ട്രാഫിക് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അസി. കമ്മീഷണര്‍ ഓഫിസിനു മുകളില്‍ ഇന്നലെ രാവിലെ ആറേ മുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഓഫിസ് തുറക്കാനെത്തിയ പോലിസുകാരന്‍ മൃതദേഹം കണ്ട് കുഴഞ്ഞുവീണു. മേല്‍ക്കൂരയ്ക്കു താഴെയുള്ള ജിപ്‌സം പാനല്‍ തകര്‍ന്ന് മരിച്ചയാളുടെ കാലുകള്‍ മുറിക്കുള്ളില്‍ നിന്നു തന്നെ കാണാവുന്ന തരത്തിലായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസി. കമ്മീഷണറുടെ കാബിനും ഓഫിസ് മുറിയുമാണ് ഒന്നാംനിലയിലുള്ളത്. വൈകീട്ട് ഏഴു കഴിഞ്ഞാല്‍ ഇവിടെ പോലിസുകാരുണ്ടാവാറില്ല. ഇവരുടെ കണ്ണുവെട്ടിച്ച് ട്രാഫിക് പോലിസ് സ്‌റ്റേഷന്റെ പിന്‍വശത്തുള്ള മാവില്‍ക്കൂടിയാണ് യുവാവ് ഓഫീസിലെത്തിയതെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി പത്തിനും പുലര്‍ച്ചെ നാലിനും ഇടയിലാണ് മരണമെന്ന് കരുതുന്നു. ആലുവ മജിസ്‌ട്രേറ്റ് ജോണ്‍ വര്‍ഗീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കൈകളില്‍ കുത്തിവയ്‌പെടുത്തതിന്റെ പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മയക്കുമരുന്ന് ഉപയോഗം സംശയിക്കുന്നതായുംരക്തസാംപിള്‍ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും എളമക്കര എസ്‌ഐ വി സി സൂരജ് പറഞ്ഞു.
Next Story

RELATED STORIES

Share it