malappuram local

ട്രഞ്ചുകളും മതിലുകളും തകര്‍ന്നു; ആദിവാസികള്‍ക്ക് ദുരിതം

എടക്കര: കാട്ടാനശല്ല്യത്താല്‍ ആദിവാസികള്‍ ദുരിതത്തില്‍. പോത്തുകല്ല് പഞ്ചായത്തിലെ തണ്ടന്‍കല്ല്, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, അപ്പന്‍കാപ്പ്, കുമ്പളപ്പാറ, ചെമ്പ്ര ആദിവാസി കോളനി നിവാസികളാണ് കാട്ടാനശല്ല്യംമൂലം ദുരിതത്തിലായിരിക്കുന്നത്.
വന്യമൃഗങ്ങളില്‍ നിന്നു കോളനികളെ സംരക്ഷിക്കാന്‍ നിര്‍മിച്ച ട്രഞ്ചുകളും മതിലുകളും തകര്‍ന്നതും സൗരോര്‍ജ വേലികള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതുമാണ് കാട്ടാനകളുടെ ശല്ല്യത്തിന് കാരണം. ആദിവാസി ക്ഷേമത്തിനായി കോടികള്‍ മുടക്കുമ്പോഴും നാശോന്‍മുഖമായ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാരോ, വനംവകുപ്പോ തയ്യാറാവുന്നുമില്ല. കഴിഞ്ഞ ദിവസം തണ്ടന്‍കല്ല് കോളനിയിലെ രഘുവിന്റെ ഭാര്യ ശാന്ത ഭാഗ്യംകൊണ്ട് മാത്രമാണ് കാട്ടാനയുടെ മുന്‍പില്‍നിന്നു രക്ഷപെട്ടത്. തണ്ടന്‍കല്ല് കോളനിയുടെ മൂന്ന് ഭാഗം വനവും ഒരു ഭാഗം മുണ്ടേരി വിത്തു കൃഷിത്തോട്ടവുമാണ്. വിത്തുകൃഷിത്തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വൈദ്യുതി വേലി നിര്‍മിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പലപ്പോഴും വൈദ്യുതി ഉണ്ടാവാറില്ല. അത്തരം സമയങ്ങളില്‍ വൈദ്യുതി വേലിയുടെ പ്രയോജനം ലഭിക്കാറില്ല. മറ്റു മൂന്ന് ഭാഗങ്ങളില്‍ ചില സ്ഥലങ്ങളില്‍ കിടങ്ങ് നിര്‍മിച്ചിട്ടുണ്ടെങ്കിലും അത് മണ്ണ് നികന്നതിനാല്‍ ആനയ്ക്ക് ഇറങ്ങിക്കയറാന്‍ കഴിയും. മതില്‍ പലസ്ഥലങ്ങളിലും തകര്‍ന്നതും ആനയ്ക്ക് കോളനിയില്‍ പ്രവേശിക്കാന്‍ സൗകര്യമായിരിക്കയാണ്. ഇവിടെ രണ്ടു വീടുകളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. മറ്റു വീടുകളിലെ വൈദ്യുതി ബില്ലടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയ നിലയിലാണ്.
വീടുകളില്‍ വൈദ്യുതിയുണ്ടെങ്കില്‍ കാട്ടാനകളുടെ വരവ് ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്ന് ആദിവാസികള്‍ പറയുന്നു.
മറ്റ് കോളനികളുടെയും അവസ്ഥ ഇതുതന്നെയാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്ല്യംമൂലം കോളനികളില്‍ യാതൊരു കൃഷിയും നടത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൃഷിയിറക്കാന്‍ പറ്റിയില്ലെങ്കിലും രാത്രി സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. ഓരോ രാത്രിയും ഭീതിയുടെ നിഴലിലാണിവര്‍ കഴിഞ്ഞുകൂടുന്നത്.
Next Story

RELATED STORIES

Share it