Second edit

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണം അമേരിക്കയുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുന്ന മട്ടിലാണ് കാര്യങ്ങള്‍. അടുത്ത നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് താന്‍ ഭരണത്തില്‍ വന്നാല്‍ ആദ്യത്തെ നൂറുദിവസത്തിനകം നടപ്പാക്കാന്‍ പോവുന്ന കാര്യങ്ങളെ സംബന്ധിച്ച് പറയുന്നത് ലോകം ശ്രദ്ധിക്കേണ്ടതുതന്നെയാണ്. ലോകപോലിസായി ഇത്രയുംകാലം വിലസിയ ഈ രാജ്യത്തിനു പറ്റിയ അമരക്കാരന്‍ തന്നെയാണ് ട്രംപിന്റെ തിരഞ്ഞെടുപ്പിലൂടെ സംഭവിക്കുകയെന്നു തീര്‍ച്ച.
ട്രംപ് പറയുന്നത് തന്റെ ആദ്യത്തെ ഭരണനടപടി മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു കൂറ്റന്‍ മതില്‍ നിര്‍മിക്കുകയാവും എന്നാണ്. ആ നാട്ടില്‍നിന്ന് തൊഴില്‍ തേടി ഒരുപാടുപേര്‍ അമേരിക്കയിലേക്കു കടക്കുന്നുണ്ട്. അതു തടയാന്‍ ഏറ്റവും നല്ല വഴി ഇങ്ങനെയൊരു മതില്‍ കെട്ടുന്നതാണ്. അതിന്റെ ചെലവ് പക്ഷേ, മെക്‌സിക്കന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ട്രംപ്.
രണ്ടാമത്തെ പരിപാടി, അമേരിക്കയിലേക്ക് മുസ്‌ലിംകള്‍ പ്രവേശിക്കുന്നതു തടയുകയാണ്. മുസ്‌ലിം പേരുള്ള ഒരാള്‍ക്കും വിസ നല്‍കേണ്ടതില്ല എന്നു തീരുമാനമെടുക്കും. മൂന്നാമത്തെ ശത്രു ചൈനയാണ്. അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വിലസുകയാണ്. അതു തടയാന്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 45 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
Next Story

RELATED STORIES

Share it